ആലക്കോട്: വേനൽ കടുത്തതോടെ മലയോര പ്രദേശങ്ങളിലെ പ്രധാനപ്പെട്ട ജലസ്രോതസുകൾ മിക്കതും വറ്റി വരണ്ടു. അത്യാവശ്യത്തിന് പോലും വെള്ളം ലഭിക്കാതെ ജനങ്ങൾ വീട് വാടകയ്ക്കെടുത്ത് മാറുന്ന സാഹചര്യം വരെയുണ്ട്. ഏപ്രിൽ തുടക്കത്തിൽ തന്നെ കഴിഞ്ഞ കാലങ്ങളിലൊന്നും അനുഭവിക്കാത്ത അതിരൂക്ഷമായ ജലക്ഷാമം സാധാരണക്കാരെയും കർഷകരെയും തീർത്തും ബുദ്ധിമുട്ടിലാക്കുന്നു. ആവശ്യത്തിലധികം ജലലഭ്യതയുണ്ടായിരുന്ന കുഴൽക്കിണറുകൾ വരെ വറ്റി. അടുത്ത കാലങ്ങളിൽ വലിയതുക മുടക്കി കുഴൽക്കിണർ കുഴിച്ചവർക്കുപോലും ജലം ലഭിക്കുന്നില്ലെന്നും പരാതി ഉയരുന്നു.
ചെറുകിട കർഷകരുടെ വാഴ, പച്ചക്കറി, കവുങ്ങ് തൈകൾ ഉൾപ്പെടെയുള്ള കാർഷിക വിളകൾ കരിഞ്ഞുണങ്ങി. ആലക്കോട്, കുട്ടാപറമ്പ്, കാർത്തികപുരം, മണക്കടവ്, കാപ്പിമല, ഒറ്റത്തൈ, പാത്തൻപാറ, വെള്ളാട്, കരുവഞ്ചാൽ, നെല്ലിപ്പാറ, രയറോം, തേർത്തല്ലി, മൂന്നാംകുന്ന്, നെടുവോട്, പരപ്പ, ഉദയഗിരി, അരിവിളഞ്ഞപൊയിൽ, ജയഗിരി, മാമ്പോയിൽ പ്രദേശങ്ങളിൽ അതിരൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.
കർണാടക വനത്തിലൂടെ വായിക്കന്പ, കാർത്തികപുരം, പരപ്പ, രയറോം, കുപ്പത്തേക്ക് ഒഴുകുന്ന വലിയപുഴ വറ്റിവരണ്ടു. വരൾച്ച മൂലം വലുതും ചെറുതുമായ മീനുകൾ ചത്തു പൊങ്ങുന്നത് കാരണം ഉൾപ്രദേശത്തുള്ള ആളുകൾക്ക് അലക്കാനും കുളിക്കാനും പുഴയെ ആശ്രയിക്കാൻ കഴിയുന്നില്ല.
അടുത്തകാലത്തൊന്നും ഇത്രയും കടുത്ത ജലക്ഷാമം അനുഭവപ്പെട്ടതായി ഓർമയില്ലെന്ന് പ്രദേശത്തെ മുതിർന്ന ആളുകൾ ദീപികയോട് പറഞ്ഞു.
കാലവർഷത്തിന് രണ്ടു മാസങ്ങൾ കൂടിയുണ്ടെന്നിരിക്കെ ജലക്ഷാമത്തി ശാശ്വത പരിഹാരത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഗ്രാമപഞ്ചായത്തുകൾക്ക് ജലനിധി ഉൾപ്പെടെ വലിയ പദ്ധതികൾ ഉണ്ടെങ്കിലും പലപ്പോഴും വെള്ളം ലഭിക്കുന്നില്ല. കോടികൾ മുടക്കി സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതും നിത്യ കാഴ്ചയാണ്. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താത്തതാണ് ഈ ദുർഗതിക്ക് കാരണം.

Post a Comment