കേരളത്തില്‍ ഇന്ധനവില കൂടിയതോടെ ഉത്തര മലബാറില്‍ കെഎസ്‌ആര്‍ടിസി ആശ്രയിക്കുന്നത് കര്‍ണാടകയെ.



കണ്ണൂര്‍: കേരളത്തില്‍ ഇന്ധനവില കൂടിയതോടെ ഉത്തര മലബാറില്‍ കെഎസ്‌ആര്‍ടിസി ആശ്രയിക്കുന്നത് കര്‍ണാടകയെ.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് മംഗളൂരു ഐഒസി പ്ലാന്റില്‍ നിന്ന് അവിടത്തെ വിലയ്ക്ക് കെഎസ്‌ആര്‍ടിസി ഇന്ധനം എത്തിച്ചു തുടങ്ങി. ഈ ഇനത്തില്‍ വലിയൊരു തുകയാണ് ഇവിടെ കെഎസ്‌ആര്‍ടിസിക്കു ലാഭിക്കാനാകുന്നത്. ഐഒസിയുടെയും കെഎസ്‌ആര്‍ടിസി മാനേജ്മെന്റിന്റെയും പ്രത്യേക അനുമതിയോടെയാണിത്.


കര്‍ണാടകയില്‍ നിന്ന് കെഎസ്‌ആര്‍ടിസിക്ക് 91.62 രൂപയ്ക്ക് ഒരു ലീറ്റര്‍ ഡീസല്‍ ലഭിക്കും. കേരളത്തില്‍ 97.12 രൂപയാണ്. മംഗലാപുരം ഐഒസി പ്ലാന്റില്‍ നിന്നു നേരിട്ടാണ് രണ്ടു ജില്ലകളിലേക്കും കെഎസ്‌ആര്‍ടിസി ടാങ്കര്‍ ലോറികളില്‍ ഡീസല്‍ കൊണ്ടു വരുന്നത്. കെഎസ്‌ആര്‍ടിസി കണ്‍സ്യൂമര്‍ ഔട്‌ലെറ്റില്‍പെട്ടതായതു കൊണ്ടും കൂടുതല്‍ ഡീസല്‍ ഒന്നിച്ച്‌ എടുക്കുന്നവരായതു കൊണ്ടുമാണ് കര്‍ണാടകയിലെ വിലയ്ക്ക് ഐഒസി ഉത്തര മലബാറിലേക്ക് കെഎസ്‌ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത്. കണ്ണൂരില്‍ ഡീസലിന് 97.12 രൂപയാണ് ഇന്നലത്തെ വില.


നിലവില്‍ ഒരു ലീറ്ററിനു 5.50 രൂപയുടെ ലാഭമാണ് കര്‍ണാടകയില്‍ നിന്ന് ഡീസല്‍ കൊണ്ടുവരുന്നതു കൊണ്ട് കെഎസ്‌ആര്‍ടിസിക്ക് ഉണ്ടാകുന്നത്. 29,860 ലീറ്ററാണ് ആകെ ആവശ്യമായ ഡീസല്‍. പ്രതിദിനം കെഎസ്‌ആര്‍ടിസിക്ക് 1,64,230 രൂപ ലാഭം കിട്ടും. കെഎസ്‌ആര്‍ടിസിക്ക് 5 ഡിപ്പോകളാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായുള്ളത്. കാസര്‍കോട് ഡിപ്പോയില്‍ 72, കാഞ്ഞങ്ങാട് 47, കണ്ണൂര്‍ 82, പയ്യന്നൂര്‍ 56, തലശ്ശേരി 51 എന്നിങ്ങനെയാണു പ്രതിദിന സര്‍വീസുകളാണുള്ളത്.‌


Post a Comment

Previous Post Next Post