ജില്ലയിൽ കരിങ്കൽ ഉത്പന്നങ്ങൾക്ക് വിലകൂട്ടി

 


പേരാവൂർ:-കരിങ്കൽ ഉത്പന്നങ്ങൾക്ക് ജില്ലയിൽ വിലകൂട്ടി. ഇ.സി ഹോൾഡേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ചതുരശ്രയടിക്ക് 10 രൂപ കൂട്ടിയത്. ഖനനമേഖലയിലെ ഗസറ്റ് വിജ്ഞാപനത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ജില്ലയിൽ കരിങ്കൽമേഖല ഭാഗികമായി സ്തംഭിച്ചിരിക്കുകയാണ്‌.


സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ 17 മുതൽ അനിശ്ചിതകാലസമരം നടത്താനാണ് ക്വാറി-ക്രഷർ ഉടമസ്ഥ സംഘടനകളുടെ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. സമരം നീളുന്ന പക്ഷം 50 മുതൽ 100 ശതമാനം വരെ വില കൂടാനും സാധ്യതയുണ്ട്.


സർക്കാർ വിജ്ഞാപനത്തിൽ റോയൽറ്റി, പിഴ, ഡി.എൽ. ആൻഡ് ക്യു.എൽ. എന്നിവയിൽ വ്യക്തമായ വിശദീകരണമില്ലെന്ന് ഇ.സി. ഹോൾഡേഴ്‌സ് അസോസിയേഷൻ ആരോപിക്കുന്നു. ഇത് കാരണം വില്പനവില നിശ്ചയിക്കാൻ സാധിക്കുന്നില്ല.


ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത കനത്ത പിഴയാണ് കേരളത്തിലെന്നും ഇവർ ആരോപിക്കുന്നു. ക്വാറി-ക്രഷർ ഉടമകളുമായി ധാരണയോ ചർച്ചയോ നടത്താതെയാണ് വ്യവസായവകുപ്പും ജിയോളജിവകുപ്പും ചേർന്ന് വിജ്ഞാപനമിറക്കിയത്


വിജ്ഞാപനത്തിലെ മുഴുവൻ പാളിച്ചകളും തിരുത്തുംവരെ കരിങ്കൽമേഖല നിശ്ചലമാക്കാനാണ് തീരുമാനമെന്ന് സംസ്ഥാന വർക്കിങ് പ്രസിഡന്റ് യു. സെയ്ത്, ജില്ലാ പ്രസിഡന്റ് രാജീവൻ പാനൂർ, ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ബെന്നി എന്നിവർ പറഞ്ഞു

Post a Comment

Previous Post Next Post