ഇന്ധനം, പടക്കം, മദ്യം: പൂരപ്പറമ്പുപോലെ മാഹിയും പന്തക്കലും പള്ളൂരും



പന്തക്കൽ : കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ സമരവും പടക്ക-മദ്യവിപണിയും ചേർന്ന് മാഹി മേഖലയിൽപ്പെട്ട പന്തക്കൽ, പള്ളൂർ പ്രദേശങ്ങളെ പൂരപ്പറമ്പാക്കി.

വിഷു ബോണസ് പ്രശ്നം സംബന്ധിച്ച് കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് ജീവനക്കാർ വ്യാഴാഴ്ച നടത്തിയ സമരം കാരണം മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ തിരക്ക് വൻതോതിൽ കൂടി. അതിരാവിലെ മുതൽ ജില്ലയിൽനിന്നുള്ള ഇരുചക്രവാഹനങ്ങളടക്കം മാഹിമേഖലയിലെ പമ്പുകളിലേക്ക് ഒഴുകിയെത്തി. 

പെട്രോൾപമ്പുകൾക്ക് മുന്നിലെ റോഡിൽ വാഹനങ്ങളുടെ നീണ്ടനിരയുണ്ടായി. തിരക്ക് കൂടിയതോടെ മാഹിയിലെ ചില പമ്പുകളിൽ പെട്രോൾ തീർന്നു. വിഷു-റംസാൻ തിരക്ക് കൂടിയായതോടെ മാഹിയിൽ നിന്നുതിരിയാനാവാത്ത അവസ്ഥയാണ്.

:പടക്കത്തിനായി മാഹിയിലെത്തുന്നവരിൽ ഭൂരിഭാഗവും കോഴിക്കോട് ജില്ലക്കാരാണ്. കൂടുതലും കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, വടകര, നാദാപുരം ഭാഗങ്ങളിലുള്ളവർ.

കോടതി ഇടപെടലോടെ ഓൺലൈൻ പടക്ക വ്യാപാരത്തിന് വിലക്ക് വീണതോടെയും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വിഷു ബോണസ് ലഭിച്ചതോടെയുമാണ് പടക്കക്കടകൾക്ക് ഉണർവുണ്ടായത്.


മാഹിമേഖലയിൽ സ്ഥിരം ലൈസൻസുള്ള 10 പടക്കക്കടകൾക്ക് പുറമേ നാല്പതിൽപരം താത്കാലിക ലൈസൻസികളും നിലവിലുണ്ട്. 

മദ്യശാലകളിലും ഔട്ട്‍ലെറ്റുകളിലും തിരക്കേറിയിട്ടുണ്ട്.

Post a Comment

Previous Post Next Post