കണ്ണൂരില്‍ ക്ഷേത്ര മേല്‍ശാന്തിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍; കഴുത്തിനും കൈക്കും കുത്തേറ്റ പൂജാരി ജില്ലാ ആശുപത്രിയില്‍



കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചേലോറയില്‍ ക്ഷേത്ര മേല്‍ശാന്തിയെ കുത്തിപരുക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. ചക്കരക്കല്‍ പെരുങ്ങളായിയിലെ ചന്ദ്രോത്ത് വീട്ടില്‍ വിപിന്‍ കുമാറിനെ (37) യാണ് ചക്കരക്കല്‍ സ്റ്റേഷന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിതുകൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ദിവസം വൈകുന്നേരം 6.20 ഓടെയാണ് സംഭവം. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ വെച്ച്‌ വിപിന്‍ കുമാര്‍ മകളുമായി കാറില്‍ പോകവെ ചക്കരക്കല്‍ കടക്കര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ക്ലാര്‍ക്കായ മോഹന്‍കുമാര്‍ സഞ്ചരിച്ച കാറുമായി ഉരസിയ സംഭവമുണ്ടായിരുന്നു. പിന്നീട് ക്ഷേത്രത്തിലെത്തിയ വിപിന്‍ കുമാര്‍ ക്ഷേത്ര ഓഫീസില്‍ കയറി മോഹന്‍കുമാറിനെ കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ചെന്ന ക്ഷേത്രത്തിലെ പൂജാരിയായ കാപ്പാട് സ്വദേശി നീരാഞ്ജനത്തില്‍ കെ.കെ.ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിക്ക് (56) കത്തി കൊണ്ട് കുത്തേല്‍ക്കുകയായിരുന്നു. കഴുത്തിനും കൈക്കും കുത്തേറ്റ പൂജാരിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മൊഴിയെടുത്ത പൊലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി കണ്ണൂര്‍ ജില്ലാആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ വിപിന്‍കുമാറിനെ പൊലിസ് നടത്തിയ വ്യാപകമായ തെരച്ചിലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post