തിരുവനന്തപുരം:സംസ്ഥാനത്ത് മാർച്ചിൽ ആകെ കണക്കുകളിൽ സാധാരണ പോലെ വേനൽ മഴ പെയ്തെങ്കിലും അനുഗ്രഹിച്ചത് നാലു ജില്ലകളെ മാത്രം. ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് സാധാരണയിലും കവിഞ്ഞു മഴ ലഭിച്ചത്. ഇതിൽ വയനാട് (111%), പത്തനംതിട്ട (82%) ജില്ലകളിലാണ് കൂടുതൽ മഴ. കണ്ണൂരിൽ മഴ പെയ്തതായി രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്തു ശരാശരി 34.4 മില്ലിമീറ്റർ വേനൽ മഴയാണ് മാർച്ചിൽ ലഭിക്കുക.
ഇത്തവണ 31.4 മില്ലിമീറ്റർ ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക്. 9% മാത്രമാണ് കുറവ്. മുൻ വർഷങ്ങളിലെ കണക്കുകളിൽനിന്ന് 19 ശതമാനത്തിലേറെ വ്യത്യാസമുണ്ടെങ്കിലേ കുറവായി കാലാവസ്ഥ വകുപ്പ് കണക്കിലെടുക്കാറുള്ളൂ. മാർച്ച് പകുതിയ്ക്കു ശേഷമാണ് കൂടുതൽ മഴ ലഭിച്ചത്. കണ്ണൂരിനു പുറമേ മഴക്കുറവിന്റെ കാഠിന്യം ഏറ്റുവാങ്ങിയത് തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളാണ്. ഈ ജില്ലകളിൽ 60 ശതമാനത്തിലേറെയാണ് മഴ കുറഞ്ഞത്. ആലപ്പുഴ, എറണാകുളം, കൊല്ലം, പാലക്കാട് ജില്ലകളിൽ 20% മുതൽ 59% വരെ കുറഞ്ഞു.
വരുന്ന ആഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽമഴ തുടരുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഏപ്രിൽ രണ്ടാം വാരം മഴ അൽപം കൂടി ശക്തമായേക്കാം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടി പെയ്യുന്നതാണ് വേനൽമഴയുടെ രീതിയെന്നു തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രം മേധാവി ഡോ. കെ.സന്തോഷ് പറഞ്ഞു. വേനൽമഴ ലഭിക്കുന്ന സ്ഥലങ്ങളിൽ പകൽ താപനിലയിൽ കുറവുണ്ടാകും. കാര്യമായി മഴ ലഭിക്കാത്ത വടക്കൻ ജില്ലകളിൽ ഈ മാസം മഴ പ്രതീക്ഷിക്കാമെന്നും ഡോ. സന്തോഷ് വ്യക്തമാക്കി.
Post a Comment