അരിക്കൊമ്പൻ ദൗത്യം വെള്ളിയാഴ്ച പുലർച്ചെ നാലിന് ആരംഭിക്കും; പ്രദേശത്ത് 144 പ്രഖ്യാപിക്കും

 


ചിന്നക്കനാൽ: ഇടുക്കിയെ വിറപ്പിക്കുന്ന അരിക്കൊമ്പനെ പിടികുടാനുള്ള ദൗത്യം നാളെ (വെള്ളിയാഴ്ച) പുലർച്ചെ നാല് മണിക്ക് ആരംഭിക്കുമെന്ന് ദൗത്യസംഘം. കാലാവസ്ഥയും മറ്റു സാഹചര്യവുമെല്ലാം അനുകൂലമാണെങ്കിൽ സൂര്യോദയത്തോടെ രാവിലെ ആറു മണിക്ക് തന്നെ ആനയെ മയക്കുവെടിവെക്കുമെന്നുമെന്ന് കോട്ടയം ഡിഎഫ്ഒ എൻ രാജേഷ് അറിയിച്ചു.



ദൗത്യത്തിന് മുന്നോടിയായി ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലും നാളെ രാവിലെ നാല് മണി മുതൽ 144 പ്രഖ്യാപിക്കും. പിടികൂടിയ ആനയെ എങ്ങോട്ടുമാറ്റുമെന്ന കാര്യം വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളതിനാൽ അക്കാര്യം പുറത്തുവിടില്ലെന്നും ദൗത്യസംഘം അറിയിച്ചു. 

അരിക്കൊമ്പനെ പിടികൂടാൻ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിൽ എത്തിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 150ഓളം പേരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. ദൗത്യത്തിന് മുന്നോടിയായുള്ള മോക്ക് ഡ്രിൽ ദൗത്യസംഘം ഇന്ന് പൂർത്തിയാക്കിയിരുന്നു. 

മയക്കുവെടിവെച്ച് പിടികൂടിയശേഷം റോഡിയോ കോളർ ഘടിപ്പിച്ച് അരിക്കൊമ്പനെ സ്ഥലംമാറ്റാനാണ് പദ്ധതി. മയക്കുവെടിവെച്ചശേഷം കാട്ടാന പരിഭ്രാന്തനായി ഓടാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ പുറത്തേക്ക് ഇറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അതേസമയം കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ദൗത്യം മാറ്റിവെക്കേണ്ടിവരുമെന്നും ദൗത്യസംഘം അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post