വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താല്‍ ക്ഷേമ പെന്‍ഷന്‍ തല്‍ക്കാലം മുടങ്ങില്ല



തിരുവനന്തപുരം: വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താല്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്ന ആരുടെയും പെന്‍ഷന്‍ നിലവില്‍ തടയേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം.


വരുമാന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ട അവസാന ദിവസം ഫെബ്രുവരി 28 ആയിരുന്നു. തദ്ദേശ സ്ഥാപനങ്ങളാണ് ഗുണഭോക്താക്കളില്‍ നിന്നും ശേഖരിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എ.കെ.എമ്മിന്‍റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത്.


എന്നാല്‍ ചില കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളുമടക്കം ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഇനിയും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടില്ല. പലയിടങ്ങളിലും സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാകാത്തത് എത്രപേരെന്ന് കൃത്യമായി കണക്കെടുക്കാനായിട്ടില്ലെന്നാണ് ധനവകുപ്പ് നല്‍കുന്ന വിശദീകരിക്കുന്നത്. 


കണക്കുകള്‍ കൃത്യമായി കിട്ടിയ ശേഷമേ പെന്‍ഷന്‍ വിലക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. നിലവില്‍ 52.5 ലക്ഷം പേരാണ് സംസ്ഥാന സര്‍ക്കാറിന്‍റെ സാമൂഹികസുരക്ഷ പെന്‍ഷന്‍ പദ്ധതിയിലുള്ളത്. വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കൂടുതലുള്ളവര്‍ക്ക് ക്ഷേമ പെന്‍ഷന് അര്‍ഹതയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഉയര്‍ന്ന വരുമാനമുള്ളവരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.



Post a Comment

Previous Post Next Post