ഇരിട്ടി: ഭാരം താങ്ങി തളര്‍ന്ന മുത്തശ്ശിപ്പാലത്തിന് ശാപമോക്ഷം.1933 ല്‍ ബ്രിട്ടീഷുകാര്‍ പണിത ഇരിട്ടി പഴയ പാലമാണ് പ്രതാപം നിലനിര്‍ത്തി മോടി കൂട്ടി നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്.പഴയ പാലം പ്രൗഢിയോടെ നിലനിര്‍ത്തി വിനോദസഞ്ചാര സാധ്യതകളും പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
90 വര്‍ഷത്തോളം ജനങ്ങളെ പുഴക്ക് അക്കരെ, ഇക്കരെ കടത്തിയ പഴയ പാലം ഇനി പൈതൃക സ്മാരകമായി നിലകൊള്ളും. പുതിയപാലം യാഥാര്‍ഥ്യമായപ്പോഴും പഴയപാലം ഗതാഗതത്തിനായി പരിമിതമായി ഉപയോഗിച്ചിരുന്നു. എന്നാല്‍, പിന്നീട് പൂര്‍ണമായും പാലത്തിലൂടെ ഉള്ള ഗതാഗതം നിരോധിച്ച് പാലത്തിന്റെ നവീകരണ പ്രവൃത്തി ആരംഭിക്കുകയായിരുന്നു.
തുരുമ്ബെടുത്തതും വാഹനമിടിച്ച് തകര്‍ന്നതുമായ കമ്ബികള്‍ മാറ്റി സ്ഥാപിച്ചും അറ്റകുറ്റപ്പണി നടത്തിയും പെയിന്റടിച്ചും മറ്റുമാണ് പാലത്തിന്റെ നവീകരണ പ്രവൃത്തി നടത്തുന്നത്. പെയിന്റിങ് ഏകദേശം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 14.70 ലക്ഷം രൂപയോളം മുടക്കിയാണ് നവീകരണം നടത്തുന്നത്.
പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞാലും ഭാരം കുറഞ്ഞ ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ പാലത്തിലൂടെ ഗതാഗതത്തിന് അനുമതി നല്‍കൂ. വലിയ വാഹനങ്ങള്‍ പുതിയ പാലത്തിലൂടെ മാത്രമേ കടന്നു പോകാന്‍ പാടുള്ളൂ. പഴയ പാലത്തിന് മുകളിലുള്ള കേബിളുകള്‍ കൂടി മാറ്റുവാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കരിങ്കല്‍ തൂണുകളില്‍ കൂറ്റന്‍ ഉരുക്കു ബീമുകളും പാളികളും കൊണ്ട് മേല്‍ക്കൂരയില്‍ ഭാരം ക്രമീകരിക്കുന്ന നിലയില്‍ നിര്‍മിച്ച പാലം ഇതുവഴി ടൂറിസ കേന്ദ്രമാക്കാന്‍ കഴിയും. പഴശ്ശി ജലാശയത്തിന് മുകളിലാണ് പാലം സ്ഥിതി ചെയ്യുന്നത് എന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
പഴശ്ശി ജലാശയത്തില്‍ ബോട്ട് സര്‍വിസുകള്‍ കൂടി ആരംഭിക്കുന്നപക്ഷം കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ കഴിയും. സൂര്യാസ്തമയം മനോഹരമായി വീക്ഷിക്കാന്‍ കഴിയുന്ന ഇവിടെ ഒരു വ്യൂ പോയന്റ് കൂടി പാലത്തിന് സമീപം നിര്‍മിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Post a Comment