2021-22 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫിയുടെ രണ്ടാം സ്ഥാനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജില്ലാ പഞ്ചായച്ച് ഈ അംഗീകാരം നേടിയത്.
2021-22 വര്‍ഷത്തില്‍ 387 പദ്ധതികള്‍ നടപ്പിലാക്കി പൂര്‍ത്തീകരിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വ്യത്യസ്ഥങ്ങളായ നൂതന ആശയങ്ങളുള്ള പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. കാര്‍ഷിക, മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിലും, പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലകളിലും, ഭിന്നശേഷി, വയോജന, വനിതാ, ശിശു മേഖലകളിലും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും വൈവിധ്യങ്ങളായ പദ്ധതികള്‍ നടപ്പിലാക്കിയതും ജില്ലാ പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചു.
ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയ പ്രധാനപ്പെട്ട മേഖലകള്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ ഇടപെടലുകളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടത്തിയത്. ജില്ലാ ആശുപത്രിയില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചതും കോവിഡ് പ്രത്യേക വാര്‍ഡ് സ്ഥാപിച്ചതും രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമായി 24 മണിക്കൂര്‍ സജ്ജമാക്കിയ ഹെല്‍പ് ഡെസ്‌ക്, ലോക്ക് ഡൗണ്‍ സമയത്ത് തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത പ്രവര്‍ത്തനങ്ങള്‍, കണ്ണൂര്‍ യൂനിവേഴ്സിറ്റിയുമായി ചേര്‍ന്ന് തയ്യാറാക്കിയ K-SAFE ആപ്ലിക്കേഷന്‍, സ്ത്രീകള്‍ക്കായുള്ള ജെന്‍ഡര്‍ ഹെല്പ് ഡെസ്‌ക് പദ്ധതി എന്നിവയാണ് ആദ്യ പരിഗണനയിലുള്‍പ്പെടുത്തിയത്.
പട്ടികവര്‍ഗ മേഖലയില്‍ ട്രൈബല്‍ മിഷന്‍ നടപ്പിലാക്കിയ ജില്ല പഞ്ചായത്തിന്റെ കരുതലോടെയുള്ള ചുവടുവെപ്പ് ഏറെ മാതൃകാപരമായിരുന്നു. യൂണിഫോം സേനയിലേക്കുള്ള പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്കുള്ള റിക്രൂട്ട്മെന്റ് പരിശീലനം, 110 പട്ടികവര്‍ഗ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കല്‍, പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്കുള്ള ബാന്‍ഡ് വിതരണം, പട്ടികവര്‍ഗ വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ ഗോത്ര വെളിച്ചം, പട്ടികജാതി വിഭാഗക്കാര്‍ക്ക് വാദ്യോപകരണ വിതരണം തുടങ്ങി നിരവധി പദ്ധതികള്‍ ഈ മേഖലയ്ക്കകത്ത് നടപ്പിലാക്കിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടത്തിയ മുന്‍കൈ ജൂറി പ്രത്യേകം അഭിനന്ദിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 30 മിയാവാക്കി വനങ്ങള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല ലിറ്റില്‍ ഫോറസ്റ്റ് ചാലഞ്ച് പദ്ധതിയുടെ ഭാഗമായി ഒരുക്കി. നാട്ടുമാവുകള്‍ വച്ചുപിടിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കി. വന്യമൃഗങ്ങളുടെ സംഘര്‍ഷ ബാധിത മേഖലയില്‍ 11 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചു. കൊട്ടില, ഉളിക്കല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ നിര്‍മ്മിച്ചു.
വയോജനങ്ങളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച വയോജന വിശ്രമ കേന്ദ്രത്തിനും കരിവെള്ളൂര്‍-പെരളം ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂളിനും ജില്ലാ പഞ്ചായത്ത് ധനസാഹയം നല്‍കി. എസ്.എം.എ ബാധിച്ചവര്‍ക്ക് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വീല്‍ചെയര്‍ അനുവദിക്കാന്‍ സാധിച്ചതും ഭിന്നശേഷിക്കാര്‍ക്ക് തന്‍വര്‍ഷം മാത്രം മൂന്ന് കോടി രൂപ സ്‌കോളര്‍ഷിപ്പ് നല്‍കിയതും ജില്ലാ ആശുപത്രി, ജില്ലാ ആയ്യുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ മരുന്ന് വാങ്ങാനും പ്രത്യേക പരിചരണത്തിനും സൗകര്യം ഒരുക്കിയതും അവാര്‍ഡിന് പരിഗണിക്കുന്നതിന് അര്‍ഹമാക്കി.
2018-19 വര്‍ഷത്തില്‍ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായും 2019-20 വര്‍ഷത്തില്‍ മികച്ച മൂന്നാമത്തെ ജില്ലാ പഞ്ചായത്തായും തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് 2021-22 വര്‍ഷത്തെ തന്നെ സംസ്ഥാന വയോസേവന അവാര്‍ഡും സംസ്ഥാന ഭിന്നശേഷി അവാര്‍ഡും ലഭിക്കുകയുണ്ടായി. 2021-22 വര്‍ഷത്തെ സ്വരാജ് ട്രോഫി വിജയം കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കിരീടത്തിലെ ഈ വര്‍ഷത്തെ മറ്റൊരു പൊന്‍തൂവലാണ്.
.jpeg)
Post a Comment