തളിപ്പറമ്പ് : അപകടകരമായ രീതിയില്‍ മത്സരിച്ചോടിയ ബസുകള്‍ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പിച്ചു. ഇരിട്ടി-തളിപ്പറമ്പ് റൂട്ടില്‍ സര്‍വിസ് നടത്തുന്ന സെന്റ് മേരീസ് ബസും ശ്രീകണ്ഠപുരം-തളിപ്പറമ്പ് റൂട്ടില്‍ സര്‍വിസ് നടത്തുന്ന നന്ദനം ബസുമാണ് തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മത്സരിച്ചോടിയ ബസുകള്‍ ശനിയാഴ്ച ഉച്ചക്ക് 12ഒാടെ കുറുമാത്തൂര്‍ പൊക്കുണ്ട് ബസ് സ്റ്റോപ്പില്‍ വെച്ച് ഉരസിയതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്.
നിടുവാലൂരില്‍ വെച്ചും ബസുകള്‍ തമ്മില്‍ ഉരസിയിരുന്നതായി യാത്രക്കാര്‍ നാട്ടുകാരോട് പറഞ്ഞിരുന്നു. ശ്രീകണ്ഠപുരത്ത് നിന്ന് പുറപ്പെട്ട ബസുകള്‍ അമിത വേഗതയിലായിരുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു.പൊക്കുണ്ടില്‍ ആളെയിറക്കി പുറപ്പെട്ട നന്ദനം ബസിന്റെ മുന്‍ഭാഗത്ത് പിന്നാലെയെത്തിയ സെന്റ് മേരീസ് ബസ് ഉരസി നിരക്കുകയായിരുന്നു. ഇരു ബസുകളിലെയും യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ നാട്ടുകാര്‍ ഇടപെട്ട് പൊലീസില്‍ അറിയിച്ചത്.
ട്രാഫിക്ക് എസ്.ഐ എം. രഘുനാഥിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഇരു ബസുകളിലെയും യാത്രക്കാര്‍ക്ക് മറ്റു ബസുകളില്‍ യാത്രാ സൗകര്യമൊരുക്കിയത്.കസ്റ്റഡിയിലെടുത്ത ബസുകള്‍ വെള്ളാരംപാറയിലെ ഡംപിങ് യാര്‍ഡിലേക്ക് മാറ്റി.സെന്റ് മേരീസ് ബസ് ഡ്രൈവര്‍ പി.എ. ബിബിന്‍, നന്ദനം ബസ് ഡ്രൈവര്‍ കെ.കെ. ആദര്‍ശ് എന്നിവരുടെ പേരില്‍ കേസെടുത്തു.

Post a Comment