ടെല്‍ അവീവ്: ആധുനിക കൃഷി രീതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇസ്രയേലിലേക്ക് കൊണ്ടു പോയ സംഘത്തില്‍ നിന്ന് കാണാതായ, കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ തിങ്കളാഴ്ച കേരളത്തില്‍ തിരിച്ചെത്തും.
കണ്ണൂര്‍ സ്വദേശിയായ ബിജു ഞായറാഴ്ച ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുമെന്നും തിങ്കളാഴ്ച പുലര്‍ച്ചെ കേരളത്തിലെത്തുമെന്നുമാണ് ഇസ്രായേലിലുള്ള ബിജുവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആധുനിക കാര്‍ഷിക രീതികള്‍ പഠിക്കുന്നതിനായി കേരളത്തില്‍നിന്ന് ഇസ്രായിലിലെത്തിയ സംഘത്തില്‍നിന്ന് ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് ബിജു കുര്യനെ കാണാതായത്. ടെല്‍ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെര്‍സ്ലിയ നഗരത്തില്‍ നിന്നാണ് ഇയാളെ കാണാതായത്.
ഇസ്രയേലിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ബിജു സ്വയം സംഘത്തെ ഉപേക്ഷിച്ചതെന്നാണ് പുതിയ വിവരം. സംഘത്തില്‍ നിന്ന് പിരിഞ്ഞ ശേഷം, ആദ്യ ദിവസം ജറുസലേം പര്യടനം നടത്തി. പിറ്റേന്ന് ബെത്‌ലഹേമിലേക്ക് പോയി. ബെത്‌ലഹേമില്‍ ഒരു ദിവസം ചെലവഴിച്ച ശേഷം സംഘത്തിനൊപ്പം ചേര്‍ന്ന് കേരളത്തിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. . എന്നാല്‍ അപ്പോഴേക്കും കൃഷി പഠിക്കാനെത്തിയ പ്രതിനിധി സംഘം കേരളത്തിലേക്ക് മടങ്ങിയിരുന്നു.

Post a Comment