ആലക്കോട് : കുടക് വനാതിർത്തിയിൽ വന്യമൃഗശല്യം കർഷകരെ ദുരിതത്തിലാക്കുന്നു. മൃഗങ്ങൾ വനാതിർത്തി കടന്ന് കൃഷിയിടങ്ങളിൽ നാശമുണ്ടാക്കാതിരിക്കാൻ പണിത സൗരോർജ വൈദ്യുതവേലി പലയിടങ്ങളിലും തകർന്നും സൂര്യപ്രകാശത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സൗരോർജ പാനൽ തകർന്നും കാടുകയറിയും നശിക്കുകയുമാണ്.
ആനക്കൂട്ടം പലയിടങ്ങളിലും ഉണങ്ങിയ തടിക്കഷണം ലൈനിനുമേൽ കൊണ്ടിട്ട് അതിൽ ചവിട്ടി ലൈൻ പൊട്ടിക്കുകയും കൃഷിയിടങ്ങളിൽ കയറി ചവിട്ടിയും കുത്തിയും കാർഷികവിളകൾ നശിപ്പിക്കുകയുമാണ്.
അപ്പർ ചിക്കാട് മലനിരപ്പിൽ പുൽപ്പടർപ്പിൽ ഇത്തരത്തിൽ വേലി തകർത്തിട്ടുണ്ട്. ഇപ്പോൾ 20-ഉം 25-ഉം ഉള്ള ആനക്കൂട്ടങ്ങളാണെത്തുന്നത്. കൃഷിയിടത്തിൽ കണ്ണിൽ കാണുന്നതെല്ലാം നശിപ്പിക്കുകയുമാണ്. ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ ഇടവിള കൃഷികളും നശിപ്പിക്കുന്നു. തെങ്ങ്, കമുക് പോലെ വളർച്ചയെത്തിയവ കുത്തിനശിപ്പിക്കുകയുമാണ്. പുലി, കടുവാ ഭീഷണി ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻപോലും പേടിയുണ്ടാക്കുന്നു.
കുരങ്ങുശല്യം കാരണം വീട്ടിനുള്ളിലും സുരക്ഷിതത്വമില്ലാത്ത സ്ഥിതിയാണ്. വന്യമൃഗശല്യം ഇപ്പോൾ വനാതിർത്തിയിൽനിന്ന് നാലും അഞ്ചും കിലോമീറ്റർ ഉള്ളിൽ ജനവാസകേന്ദ്രങ്ങളിൽവരെയെത്തി. അധികൃതരുടെ അനാസ്ഥയും നിരുത്തരവാദിത്വവുമാണ് പ്രശ്നം രൂക്ഷമാകാൻ കാരണമാകുന്നതെന്ന് പരാതിയുണ്ട്.
ഉദയഗിരി പഞ്ചായത്ത് അതിർത്തിയിൽ ചേനാട്ടുകൊല്ലി മുതൽ പൈതൽമലയടിവാരത്ത് മഞ്ഞപ്പുല്ല് വരെ 13 കിലോമീറ്റർ ദൂരമാണ് വേലി വേണ്ടത്. ഇതിൽ 10 കിലോമീറ്ററോളം ഭാഗത്ത് പല തവണകളിലായി വേലി പണിയുകയും സൗരോർജ പാനലുകൾ സ്ഥാപിക്കുകയുംചെയ്തിരുന്നു. ബാക്കി മൂന്ന് കിലോമീറ്ററോളം ഭാഗത്ത് വേലിയില്ല.
ഇതിന്റെ സംരക്ഷണവും അറ്റകുറ്റപ്പണികളും നടത്തേണ്ടത് ബെംഗളൂരുവിലെ ഏജൻസിയാണ്. അവർക്ക് അതിനുള്ള കരാറും നൽകിയിരുന്നു. സംരക്ഷണമില്ലാതെ പ്രവർത്തനമാരംഭിച്ച് വൈകാതെ പലയിടങ്ങളിലും വേലി തകർന്നു. സൗരോർജ പാനലുകളാകട്ടെ ലൈനുമായി ബന്ധം വിഛേദിക്കപ്പെട്ട് കാട്ടിൽ ഉപേക്ഷിക്കപ്പെട്ടനിലയിലുമാണ്.
.jpeg)
Post a Comment