പാത്തന്‍പാറയില്‍ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ

 


ആലക്കോട്: പരിസ്ഥിതി ലോല പ്രദേശമായ വൈതല്‍മലഞ്ചെരുവില്‍ നിന്നും വിളിപ്പാടകലെ പാത്തന്‍പാറയ്ക്കടുത്തുള്ള നരയന്‍കല്ല് തട്ടില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിക്കടുത്ത് ഭൂമിയില്‍ ആഴത്തില്‍ വിള്ളല്‍ കണ്ടെത്തി.

പത്തടിയോളം താഴ്ചയിലും 200 മീറ്ററോളം നീളത്തിലുമാണ് കാടുവളര്‍ന്ന് നില്‍ക്കുന്ന ഈ പ്രദേശത്ത് ഗര്‍ത്തം രൂപപ്പെട്ടത്. സംഭവം പുറംലോകമറിഞ്ഞതോടെ ക്വാറി നടത്തിപ്പുകാര്‍ വാഹനങ്ങളും മറ്റുമായി ക്വാറി അടച്ചു പൂട്ടി സ്ഥലംവിട്ടിരിക്കുകയാണ്.

15 വര്‍ഷം മുമ്ബാണ് നടുവില്‍ പഞ്ചായത്തില്‍പ്പെട്ട നരയന്‍കല്ല് തട്ടില്‍ കരിങ്കല്‍ ക്വാറിയും ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചത്. വന്‍ തോതില്‍ കരിങ്കല്‍ ചൂഷണം നടക്കുന്നതായി ആരോപിച്ചു നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെയും അധികൃതരുടെയും ഒത്താശ ഇവര്‍ക്ക് ലഭിച്ചതായും ആരോപണമുണ്ട്.

ആലക്കോട് പുഴയുടെ ഉദ്ഭവ സ്ഥാനമായ കരാമരംതട്ടില്‍ നിന്നും പാത്തന്‍പാറ വരെയുള്ള രണ്ട് കിലോമീറ്റര്‍ പ്രദേശത്ത് താമസിക്കുന്ന 50 ല്‍പ്പരം കുടുംബങ്ങള്‍ കടുത്ത ഭീതിയിലാണുള്ളത്. അടുത്ത കാലവര്‍ഷത്തില്‍ വിണ്ടുകീറിയ ഭൂപ്രദേശത്ത് വെള്ളം ഒഴുകിയിറങ്ങി ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമെന്നുള്ള ഭീതിയില്‍ കഴിയുകയാണ് നാട്ടുകാര്‍.

സി.പി.എം ആലക്കോട് ഏരിയാ കമ്മിറ്റി സെക്രട്ടറി സാജന്‍ കെ. ജോസഫ്, കെ.പി. സാബു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, ടോമി കുമ്ബിടിയാമ്മാക്കല്‍ തുടങ്ങി നിരവധി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു. ക്വാറി അടച്ചു പൂട്ടുകയും ഭൂമി വിണ്ടുകീറുന്നത് ശാസ്ത്രീയ പഠനം നടത്തി പ്രദേശ വാസികളുടെ ഭീതിയകറ്റണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്ബ് തഹസില്‍ദാര്‍ സി. സജീവന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് നല്‍കുകയും ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിട്ടുണ്ട്. ആശങ്കാജനകമായ സ്ഥിതിവിശേഷം നിലനില്‍ക്കുന്നതിനാല്‍ ജിയോളജിസ്റ്റ്, ഭൗമ ശാസ്ത്ര സംഘം എന്നിവരുടെ വിദഗ്ധ പഠനവും ഇടപെടലുകളും ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


Post a Comment

Previous Post Next Post