ഉയര്‍ന്ന് സിഎന്‍ജി വിലയും; മൂന്ന് മാസത്തിനിടെ എട്ട് രൂപയുടെ വര്‍ദ്ധന



പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ് ചര്‍ച്ചയാകുമ്ബോള്‍ ആരും കാണാതെ പോവുകയാണ് സിഎന്‍ജിയുടെ വില വര്‍ദ്ധനവ്.


കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് സിഎന്‍ജിക്ക് വര്‍ദ്ധിപ്പിച്ചത്. പ്രകൃതി സൗഹൃദ ഇന്ധനം, പെട്രോളിനേയും ഡീസലിനേയും കാള്‍ വിലകുറവ്, ഇതെല്ലാം സിഎന്‍ജിയെ ആകര്‍ഷകമാക്കി. എന്നാല്‍ സി.എന്‍.ജി വാഹനങ്ങള്‍ വാങ്ങിയവരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.


സി.എന്‍.ജി ഓട്ടോ വാങ്ങുന്ന സമയത്ത് സി.എന്‍.ജി വില കിലോയ്ക്ക് 45 രൂപയായിരുന്നു, മൂന്ന് മാസം മുമ്ബ് കിലോയ്ക്ക് 83 രൂപയായിരുന്നത് ഇപ്പോള്‍ 91 രൂപയായി. നൂറുകണക്കിന് സി.എന്‍.ജി ഓട്ടോകളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൊച്ചിയിലെ നിരത്തിലിറങ്ങുന്നത്. ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള സിഎന്‍ജി ഉപഭോക്താക്കള്‍ പറയുന്നത് വിലവര്‍ദ്ധനവ് മൂലം നഷ്ടം നേരിടുന്നുവെന്നാണ്. അവരില്‍ ഭൂരിഭാഗവും കുറച്ച്‌ പണം കയ്യില്‍ നിന്നെടുത്തും ബാക്കി ഫിനാന്‍സിനെടുത്തുമാണ് സിഎന്‍ജി വാഹനങ്ങള്‍ വാങ്ങിയിട്ടുള്ളത്. എന്നാല്‍ തിരിച്ചടവ് പോലും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.


സിഎന്‍ജിയുടെ വിലയും ഡീസല്‍ വിലയ്ക്ക് അടുത്തെത്തി. ഇങ്ങനെ പോയാല്‍ വാഹനം ഫിനാന്‍സുകാര്‍ കൊണ്ടുപോകുമെന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കൊച്ചിയിലുണ്ട്. വിലക്കയറ്റം കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ബസുകളുടെയും ട്രാവലറുകളുടേയും രജിസ്ട്രേഷനില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.71 രൂപയും ഡീസലിന് 96.52 രൂപയുമാണ് വില. വിലവര്‍ദ്ധന നിയന്ത്രണമില്ലാതെ തുടര്‍ന്നാല്‍ കൂടുതല്‍ പേര്‍ സി.എന്‍.ജി വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Post a Comment

Previous Post Next Post