'ഇനി മദ്യപിച്ച്‌ വാഹനമോടിക്കില്ല'; ഡ്രൈവര്‍മാര്‍ക്ക് പൊലീസിന്റെ വക 1000 തവണ ഇംപോസിഷന്‍



തൃപ്പൂണിത്തുറ: മദ്യപിച്ച്‌ വാഹനമോടിച്ച ബസ് ഡ്രൈവര്‍മാര്‍ക്ക് ഇംപോസിഷന്‍ നല്‍കി പൊലീസ്. തിങ്കളാഴ്ച രാവിലെ 5 മുതല്‍ 9 വരെ തൃപ്പൂണിത്തുറ ഹില്‍പാലസ് ഇന്‍സ്പെക്ടര്‍ വി.

ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ് ഡ്രൈവര്‍മാര്‍ പിടിയിലായത്. മദ്യപിച്ച്‌ വാഹനമോടിക്കില്ലെന്ന് 1000 തവണ ഇംപോസിഷന്‍ എഴുതിപ്പിച്ചാണ് അറസ്റ്റിലായ 16 ഡ്രൈവര്‍മാരെയും ജാമ്യത്തില്‍ വിട്ടത്.


അറസ്റ്റിലായവരില്‍ നാല് പേര്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാരും രണ്ട് പേര്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരും 10 പേര്‍ സ്വകാര്യ ബസ് ഡ്രൈവര്‍ മാരുമാണ്. കരിങ്ങാച്ചിറ, വൈക്കം റോഡ് എന്നിവിടങ്ങളില്‍ രണ്ട് സംഘങ്ങളായാണ് പരിശോധന നടത്തിയത്. പിടികൂടിയ ബസിലെ യാത്രക്കാരെ പൊലീസ് തൃപ്പൂണിത്തുറ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച്‌ തുടര്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തി.


സ്കൂള്‍ വിദ്യാര്‍ത്ഥികളെ മഫ്തിയിലുള്ള പൊലീസ് അതത് സ്കൂളുകളിലേക്ക് കൊണ്ടുപോയി. അറസ്റ്റിലായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കെതിരെ പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് അയയ്ക്കും. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും അവര്‍ ഓടിച്ച വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും തൃപ്പൂണിത്തുറ ഹില്‍പാലസ് ഇന്‍സ്പെക്ടര്‍ വി ഗോപകുമാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post