ഫുട്ബോള്‍ ചരിത്രത്തിലാദ്യം; മത്സരത്തില്‍ വെള്ളക്കാര്‍ഡ് പ്രയോഗിച്ച്‌ റഫറി



ചരിത്രത്തിലാദ്യമായി ഫുട്ബോള്‍ മത്സരത്തില്‍ വെള്ള കാര്‍ഡ് ഉപയോഗിച്ച്‌ റഫറി. പോര്‍ച്ചുഗലില്‍ നടന്ന ബെനഫിഷ്യ- സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ മത്സരത്തിനിടയിലാണ് സംഭവം.

ഫുട്ബോള്‍ മത്സരത്തിനിടെ കളിക്കാരെ നിയന്ത്രിക്കാന്‍ മഞ്ഞ കാര്‍ഡും ചുവപ്പ് കാര്‍ഡും പുറത്തിറക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് വെള്ള കാര്‍ഡ് ഉപയോഗിക്കുന്നത്. ശനിയാഴ്ച നടന്ന വനിതാ ഫുട്ബോള്‍ മത്സരത്തിനിടെയാണ് റഫറി കാതറീന കാംപോസ് വെള്ള കാര്‍ഡ് കാണിച്ചത്. മത്സരത്തിന്‍റെ 44-ാം മിനിറ്റില്‍ മൈതാനത്ത് കുഴഞ്ഞുവീണ ഫുട്ബോള്‍ താരത്തിന് വൈദ്യസഹായം നല്‍കാനാണ് വെള്ള കാര്‍ഡ് ഉപയോഗിച്ചത്.


കാര്‍ഡ് കണ്ടയുടന്‍ ക്ലബ്ബുകളുടെ മെഡിക്കല്‍ സംഘം പരിശോധിക്കാന്‍ എത്തി. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ ഉയര്‍ത്തിപ്പിടിച്ച നിമിഷമെന്നാണ് സംഭവത്തിന് വ്യാപകമായി ലഭിക്കുന്ന പ്രതികരണം. റഫറി എന്തിനാണ് കാര്‍ഡ് എടുക്കുന്നതെന്ന് ഗ്രൗണ്ടിലെ കളിക്കാര്‍ ആശയക്കുഴപ്പത്തിലായപ്പോള്‍, വെള്ളക്കാര്‍ഡ് വീശി നിര്‍ദ്ദേശം ചൂണ്ടി വ്യക്തമാക്കിയ ശേഷം റഫറി മത്സരം തുടര്‍ന്നു. സമീപ വര്‍ഷങ്ങളില്‍ ഫിഫ ഫുട്ബോള്‍ മത്സരത്തില്‍ നടപ്പാക്കിയ തീരുമാനങ്ങളിലൊന്നാണ് വൈറ്റ് കാര്‍ഡ്. മത്സര സമയത്ത് അടിയന്തര ശ്രദ്ധ വേണ്ടതായ കാര്യം കളിക്കാരുടേയും കോച്ചുമാരുടേയും മറ്റ് ടീം അംഗങ്ങളുടേയും ശ്രദ്ധയില്‍ വരാന്‍ വേണ്ടിയാണ് കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗെയിമിനിടെ കായിക മൂല്യമുള്ള നടപടി വേണ്ട സാഹചര്യത്തില്‍ റഫറിക്ക് കാര്‍ഡ് പ്രയോഗിക്കാന്‍ കഴിയും.


പോര്‍ച്ചുഗലില്‍ നടപ്പാക്കിയ മാറ്റങ്ങളിലാണ് ഇതുള്ളത്. പകരക്കാരെ മാറുന്നതിനായും പരിക്ക് സമയത്തിനും കൂടുതല്‍ സമയം അനുവദിച്ചതടക്കമുള്ള ഫിഫയുടെ മാറ്റങ്ങളിലാണ് ഈ കാര്‍ഡ് പ്രയോഗം വരിക. ബദ്ധവൈരികള്‍ തമ്മില്‍ നടന്ന മത്സരത്തില്‍, ബെനഫിഷ്യ ടീം മൂന്ന് ഗോളിന് ലീഡ് ചെയ്യുമ്ബോള്‍ ഡഗൗട്ടില്‍ ഒരു കളിക്കാരന്‍ കുഴഞ്ഞുവീണു. വെള്ള കാര്‍ഡ് പ്രയോഗിച്ചപ്പോള്‍ ഡഗൗട്ടില്‍ തളര്‍ന്നുപോയ താരത്തെ ഇരു ടീമുകളുടെയും മെഡിക്കല്‍ സംഘം സമീപിച്ചതിന് ഗാലറിയില്‍ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഏകപക്ഷീയമായ മത്സരത്തില്‍ ബെനഫിഷ്യ സ്പോര്‍ട്ടിംഗ് ലിസ്ബണിനെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഈ വിജയത്തോടെ ബെനഫിഷ്യ സെമി ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറി.

Post a Comment

Previous Post Next Post