പോലീസിനെ വിളിച്ച് പുതുവത്സരാഘോഷം നിർത്തിവെപ്പിച്ചു; നടുവിലിൽ സി.പി.എം. അംഗത്തെ പുറത്താക്കി

 


നടുവിൽ : സി.പി.എം. പ്രവർത്തകനെ പാർട്ടിയിൽനിന്ന് പുറത്താക്കി. നടുവിൽ സെൻട്രൽ ബ്രാഞ്ച് കമ്മിറ്റിയംഗവും ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) നടുവിൽ യൂണിറ്റ് സെക്രട്ടറിയുമായ കെ.സുബൈറിനെയാണ് ചൊവാഴ്ച ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ പുറത്താക്കിയത്. ഡി.വൈ.എഫ്.ഐ.യും സി.പി.എം. പോഷകസംഘടനകളും ചേർന്ന് കുണ്ടുകണ്ടം, പോത്തുകുണ്ട് എന്നിവിടങ്ങളിൽ പുതുവത്സരത്തലേന്ന് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.


10 മണി കഴിഞ്ഞയുടൻ പോലീസെത്തി രണ്ട് പരിപാടികളും നിർത്തിവെപ്പിച്ചു. ഇതുമൂലം മേക്കപ്പ് ചെയ്തുനിന്ന കുട്ടികൾക്കുൾപ്പെടെ കലാപരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. 

പോലീസിനെതിരേ രൂക്ഷവിമർശനം ഇതേത്തുടർന്നുണ്ടായി. പാർട്ടിയിലെ ചിലർ പരാതിപ്പെട്ടതിനാലാണ് ഇടപെട്ടതെന്ന് പോലീസ് അറിയിച്ചു. കെ.സുബൈറാണ് പിന്നിലെന്ന് മനസ്സിലായതിനെത്തുടർന്നാണ് പാർട്ടിനടപടി. യോഗത്തിൽ പി.ആർ.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എം.കരുണാകരൻ, ഏരിയ സെക്രട്ടറി സാജൻ കെ.ജോസഫ്, പി.രവീന്ദ്രൻ, സാജു ജോസഫ്, അഡ്വ. ടി.പി.ലക്ഷ്മണൻ, വി.പി.മൂസാൻകുട്ടി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post