ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരസ്യം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു.
പരസ്യവുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി നല്‍കിയ പുതിയ പദ്ധതിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടി.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹൈക്കോടതി വിധി മരവിപ്പിച്ചത്. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രക്കാരുടെയും ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍ ഇനി ബസുകളില്‍ പതിക്കില്ലെന്ന് വ്യക്തമാക്കുന്ന പദ്ധതി കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിക്ക് കൈമാറി. മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിച്ച് ബസുകളുടെ വശങ്ങളിലും പിന്നിലും മാത്രമേ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂവെന്ന് കെ.എസ്.ആര്‍.ടി.സി പദ്ധതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി ആരാഞ്ഞു.
പരസ്യങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കാന്‍ എം.ഡിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. പതിച്ച പരസ്യങ്ങള്‍ക്ക് എതിരായ പരാതി പരിശോധിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ മറ്റൊരു സമിതി രൂപീകരിക്കുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

Post a Comment