പ്രാപ്പൊയിൽ-എയ്യൻകല്ല്-മൂന്നാംകുന്ന്-രയരോം റോഡ് നവീകരണം: കരാറുകാരൻ പണി നിർത്തിയിട്ട് എട്ടുമാസം

 


ചെറുപുഴ : കോടികൾ മുടക്കി ആരംഭിച്ച റോഡ് നവീകരണം പാതിവഴിയിൽ നിലച്ചു. ജനങ്ങൾ കടുത്ത യാത്രാദുരിതത്തിലായിട്ടും അധികൃതർക്ക് അനക്കമില്ല. മലയോരത്തെ പ്രധാന റോഡുകളിലൊന്നായ പ്രാപ്പൊയിൽ -എയ്യൻകല്ല്-മൂന്നാംകുന്ന്-രയരോം റോഡിന്റെ നവീകരണമാണ് മുടങ്ങിയത്.


പണി പാതിവഴിയിലിട്ട് കരാറുകാരൻ പോയിട്ട് എട്ടുമാസത്തിലേറെയായി. മൂന്നുവർഷം മുൻപ് മെക്കാഡം ടാറിടുന്നതിനായി തുക വകയിരുത്തി ടെൻഡർ നടപടി പൂർത്തിയായ പദ്ധതിയാണിത്. 9.5 കോടിക്ക് ടെൻഡറെടുത്ത് രണ്ടുവർഷം മുൻപാണ് പണി ആരംഭിച്ചത്.

 പ്രാപ്പൊയിൽ-തിരുമേനി ഭാഗത്തുള്ളവർക്ക് ആലക്കോട്, കരുവൻചാൽ, തളിപ്പറമ്പ്‌, കണ്ണൂർ ഭാഗത്തേക്ക്‌ എത്തുന്നതിനുള്ള എളുപ്പമാർഗമാണ് ഈ റോഡ്. പയ്യന്നൂർ-ഇരിക്കൂർ നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന് ഏഴര കിലോമീറ്റർ നീളം വരും. കുത്തനെ കയറ്റവും ഇറക്കവുമുള്ള റോഡിൽ ഒരു സ്വകാര്യ ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. കുറേ ഭാഗം ടാർ ചെയ്തതോടെ നിർത്തിവെച്ച ബസ് സർവീസ് പുനരാരംഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും സർവീസ് നിർത്തി.നൂറുകണക്കിന് കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. ബസിന് പുറമേ ഓട്ടോറിക്ഷകളും ടാക്സികളും കൂടി ഈ വഴിയുള്ള സർവീസ് നിർത്തിയിരിക്കുകയാണ്. സ്വന്തം വാഹനമുണ്ടെങ്കിലും മെറ്റലിന് ഇടയിലൂടെയുള്ള യാത്ര ഏത്ര എളുപ്പമല്ല. തുടക്കംമുതൽ നിർമാണം ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. പ്രതിഷേധവുമായി ഇറങ്ങുമ്പോൾ പണിക്ക് അല്പം വേഗം കൂടും. വീണ്ടും പഴയപടിയാവുകും ചെയ്യും.


നിലവിൽ റോഡിന്റെ തുടക്കവും അവസാനഭാഗവും ഒരു നിര മെക്കാഡം ടാറിട്ടിട്ടുണ്ട്. ഒരു നിര കൂടി ചെയ്യാനുണ്ട്. നടുഭാഗം മെറ്റൽ നിരത്തിയിട്ടിരിക്കുകയാണ്. ഒരു നിര ടാറിട്ടതിനുശേഷം പൊളിച്ചുപണിയാൻ ആരംഭിച്ച എയ്യൻകല്ലിലെ കലുങ്കിന്റെ പണിയും പകുതിയിൽ നിർത്തിയിരിക്കുകയാണ്. കരാറുകാരനെതിരേ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികൾക്ക് പരാതിയുണ്ട്.

Post a Comment

Previous Post Next Post