കണ്ണൂർ: കണ്ണൂർ അർബൻ നിധി നടത്തിയ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 18 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കണ്ണൂർ ടൗൺ, സിറ്റി, ചക്കരക്കൽ, മയ്യിൽ, വളപട്ടണം, തളിപ്പറന്പ്, പരിയാരം, പഴയങ്ങാടി, ചെറുപുഴ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലായാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്.
മയ്യിൽ, ചക്കരക്കല്ല്, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി, വളപട്ടണം എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ പരാതികൾ ലഭിച്ചത്. 20 ലക്ഷം മുതൽ 40 ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്.
കൂടുതലും വീട്ടമ്മമാരാണ് വഞ്ചിതരായിട്ടുള്ളത്. വളപട്ടണത്ത് കമലത്തിന്റെ മൂന്ന് ലക്ഷം, പുഷ്പവല്ലിയുടെ അഞ്ചു ലക്ഷം, ചക്കരക്കല്ല് ഇരിവേരി സ്വദേശി പ്രശാന്തന്റെ 26 ലക്ഷം, ജഗദീപന്റെ 20 ലക്ഷം ഏച്ചൂർ സ്വദേശി മോഹനന്റെ 15 ലക്ഷം, മയ്യിലിൽ പാപ്പിനിശേരി സ്വദേശി നിഷയുടെ ഏഴു ലക്ഷം, കണ്ണപുരത്ത് രണ്ടു ലക്ഷം എന്നിവരുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ഓരോ പോലീസ് സ്റ്റേഷനുകളിലെയും കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേകം അന്വേഷണസംഘത്തെ നിയോഗിക്കും. അതേസമയം അർബൻ നിധി കണ്ണൂർ ജില്ല കൂടാതെ മറ്റു ജില്ലകളിൽനിന്നും നിക്ഷേപം സ്വീകരിച്ചതായി സൂചനകളുണ്ട്. ഇക്കാര്യം വ്യക്തമായാൽ അതത് ജില്ലകളിലെ പോലീസ് മേധാവിമാരുടെ മേൽനോട്ടത്തിൽ അവിടങ്ങളിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കും.
തട്ടിപ്പിന്റെ വ്യാപ്തി 150 കോടിയിലേറെ പോകുകയാണെങ്കിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനും സാധ്യതയുണ്ട്.
പണം നഷ്ടപ്പെട്ടവരിൽ വീട് വിൽപന നടത്തി നിക്ഷേപം നടത്തിയവരും ഉൾപ്പെടും. കണ്ണാടിപ്പറന്പിലെ പുളുക്കൂൽ നിഷ മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ വീട് വില്പന നടത്തി ലഭിച്ച 7.60 ലക്ഷം രൂപ നിക്ഷേപിച്ചതായി പറയുന്നു.
കരിങ്കൽകുഴിയിലെ പി. ആതിര 15.18 ലക്ഷവും കണ്ണാടിപ്പറന്പിലെ മുരളി 15.20 ലക്ഷവും നിക്ഷേപിച്ചതായി ഇവർ കഴിഞ്ഞദിവസം പോലീസിൽ പരാതി നൽകിയിരുന്നു.
അതിനിടെ ഒളിവിൽ പോയ കണ്ണൂർ അർബൻ നിധി ഡയറക്ടർ ആന്റണിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ സംസ്ഥാനം വിട്ടതായാണ് സൂചന.
ജീനയെ കസ്റ്റഡിയിൽ വാങ്ങും
നിക്ഷേപ തട്ടിപ്പ് കേസിൽ അഞ്ചാം പ്രതിയായ അസി. ജനറൽ മാനേജർ കടലായി സ്വദേശിനി ജീനയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള അപേക്ഷ അടുത്തദിവസം കോടതിയിൽ നൽകും. ജീനയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജീനയ്ക്കെതിരേ നിരവധി പേർ മൊഴി നൽകിയിരുന്നു. നിക്ഷേപം സ്വീകരിക്കുന്നതിൽ ജീനയാണ് പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
നേരത്തെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഒന്നും മൂന്നും പ്രതികളായ തൃശൂർ സ്വദേശി കെ.എം. ഗഫൂർ (46), മലപ്പുറം സ്വദേശി ഷൗക്കത്തലി (43) എന്നിവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
.

Post a Comment