തിറ്റയില്‍ വിഷ സാന്നിധ്യം? നായാട്ടുപാറയിലെ ഡെയറി ഫാമില്‍ പശുക്കള്‍ ചത്ത സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി മന്ത്രി ജെ.ചിഞ്ചുറാണി

 


കണ്ണൂര്‍: നായാട്ടുപാറയിലെ ഡെയറി ഫാമില്‍ പശുക്കള്‍ ചത്ത സംഭവത്തില്‍ മന്ത്രി ജെ.ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി.


ക്ഷീരകര്‍ഷകന്‍റെ പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാലിത്തീറ്റ മാത്രമല്ല പശുക്കള്‍ക്കു നല്‍കിയിരുന്നതെന്നും ആവശ്യമായ പരിശോധനയിലൂടെ മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയുവെന്നും ഫാം സന്ദര്‍ശിച്ച കേരള ഫീഡ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


കെ.പ്രതീഷിന്‍റെ ഉടമസ്ഥതയിലുള്ള ഏബിള്‍ ഫാമിലാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ കുട്ടികള്‍ അടക്കം 8 പശുക്കള്‍ ചത്തത്. നവംബര്‍ 21 ന് ഫാമില്‍ കേരള ഫീഡ്സിന്‍റെ 100 ചാക്ക് കാലിത്തീറ്റ ഇറക്കിയിരുന്നു. ഇതു നല്‍കിയ ശേഷമാണു പശുക്കള്‍ അവശ നിലയിലായതും പിന്നീടു ചത്തതെന്നുമാണ് ഫാം ഉടമ പറയുന്നത്.


കാലിത്തീറ്റ നല്‍കിയതോടെ, പിന്നീട് ഭക്ഷണം കഴിക്കാതെയാവുകയും ചില പശുക്കളുടെ ആരോഗ്യ നില കൂടുതല്‍ വഷളാവുകയും ചെയ്തു. കാലിത്തീറ്റ മാറ്റുകയും ചികിത്സ നല്‍കുകയും ചെയ്തതോടെയാണു ഫാമിലെ മറ്റു പശുക്കള്‍ രക്ഷപ്പെട്ടത്. പ്രതീഷിനോട് ഫോണില്‍ സംസാരിച്ച മന്ത്രി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.


ഇന്നലെ രാവിലെ കേരള ഫീഡ്സില്‍ നിന്ന് ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം ഫാമില്‍ എത്തിയിരുന്നു. കാലിത്തീറ്റ മാത്രമല്ല പശുക്കള്‍ക്ക് ഭക്ഷണമായി നല്‍കിയതെന്നും പറമ്ബിലെ പുല്ല്, വൈക്കോല്‍ തുടങ്ങിയവയും നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വൈക്കോലില്‍ പൂപ്പല്‍ പിടിച്ചത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ബാക്കി വന്ന കാലിത്തീറ്റ തിരിച്ചെടുത്തിട്ടുള്ളതായും സംഘം വ്യക്തമാക്കി.


ചത്ത പശുവിന്‍റെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആമാശയത്തില്‍ നിന്നു ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ കണ്ണൂര്‍ റീജനല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പാലോട് കേന്ദ്ര ലാബിലും ഇതു സംബന്ധിച്ച രാസപരിശോധന നടക്കും. ഇതിന്‍റെ റിപ്പോര്‍ട്ട് കിട്ടിയെങ്കിലേ തീറ്റയില്‍ വിഷ സാന്നിധ്യം ഉണ്ടായിരുന്നോയെന്നു വ്യക്തമാകൂവെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

Post a Comment

Previous Post Next Post