ഇരിട്ടി: മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ ആണെന്ന നിലയിൽ അയ്യൻകുന്ന് പഞ്ചായത്തിലെ കൂടുതൽ മേഖലകളിൽ അടയാളപ്പെടുത്തലുകൾ കണ്ടെത്തി. നേരത്തെ പാലത്തുംകടവ്, കളിതട്ടുംപാറ മേഖലകളിൽ ആറിടങ്ങളിലാണ് അടയാളപ്പെടുത്തലുകൾ കണ്ടെത്തിയതെങ്കിൽ പഞ്ചായത്ത് അംഗങ്ങളും കർഷകരും പ്രദേശവാസികളും നടത്തിയ പരിശോധനയിൽ 14ഓളം ഇടങ്ങളിൽ അടയാളപ്പെടുത്തിയതായി കണ്ടെത്തി. കർണാടക വനംവകുപ്പാണ് ഇതിനു പിന്നിലെന്ന ആരോപണം ഉയരുമ്പോൾ കുടക് ജില്ലാ ഭരണകൂടം ഇത് പൂർണമായും നിഷേധിച്ചിരിക്കുകയാണ്.
അതേസമയം, സമാനരീതിയിലുള്ള അടയാളപ്പെടുത്തലുകൾ കൂടുതൽ സ്ഥലങ്ങളിൽ കണ്ടെത്തിയത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. പാലത്തുംകടവിലെ ബാരാപോൾ പാലത്തിന് സമീപം റോഡിലും ഭിത്തിയിലുമായി മൂന്നിടങ്ങളിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ജി.പി 111 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കളിതട്ടുംപാറയിൽ വ്യാഴാഴ്ച കണ്ട അടയാളപ്പെടുത്തലിൽ ജി.പി 118 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉരുപ്പുംകുറ്റി-പള്ളിക്കുന്ന് റോഡിൽ അക്കങ്ങളും അക്ഷരങ്ങളും ഇല്ലാതെ ചുവന്ന പെയിന്റുകൊണ്ട് ആരോമാർക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാലത്തുംകടവ് പള്ളിയിൽനിന്ന് 100 മീറ്റർ മാറി ചേന്നപ്പള്ളി തങ്കച്ചന്റെ വീടിനു സമീപം റോഡ് ഭിത്തിയിലും എതിർവശത്തുമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പാലത്തുംകടവ് വാർഡ് അംഗം വാർഡ് അംഗം ബിജോയ് പ്ലാത്തോട്ടത്തിന്റെ വീടിന് സമീപവും റോഡിൽ അടയാളപ്പെടുത്തലുകൾ കണ്ടെത്തിയിട്ടുണ്ട്.
വ്യക്തമായ പദ്ധതിയോടെ കേരള അതിർത്തിക്കുള്ളിലേക്ക് അതിക്രമിച്ചു കടന്ന് നടത്തിയ അടയാളപ്പെടുത്തലുകൾ കർണാടക പൂർണമായും നിഷേധിച്ചതോടെ വനംവകുപ്പും റവന്യൂ വകുപ്പും ഇരുട്ടിൽ തപ്പുകയാണ്. കണ്ണൂർ ഡിഎഫ്ഒ പി. കാർത്തിക് മടിക്കേരി ഡിഎഫ്ഒയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കർണാടക വനംവകുപ്പ് ഇങ്ങനെയൊരു അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്നാണ് അറിയിച്ചത്. കണ്ണൂർ ജില്ലാ കളക്ടർ മടിക്കേരി അസിസ്റ്റന്റ് കമ്മീഷണറുമായി ബന്ധപ്പെട്ടപ്പോഴും സമാന മറുപടിയാണ് ലഭിച്ചത്. കർണാടക റീസർവെ വിഭാഗത്തിന്റെ പരിശോധനയുടെ ഭാഗമായാണോ എന്നറിയാനുള്ള അന്വേഷണത്തിലും അറിയില്ലെന്ന മറുപടി മാത്രമാണ് ലഭിച്ചിരിക്കുന്നത്.
അതേസമയം, കർണാടക വനംവകുപ്പിന്റെ ജീപ്പിലെത്തിയ സംഘമാണ് അടയാളപ്പെടുത്തലുകൾ നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. വിവിധ സ്ഥലങ്ങളിൽ ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരോട് മലയുടെ ഉയരം അളക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. തങ്ങൾക്കു ബന്ധമില്ലെന്ന് കർണാടക റവന്യൂ, വനം വകുപ്പുകൾ അറിയിക്കുമ്പോഴും ജനങ്ങളുടെ സംശയം ഒഴിയുന്നില്ല. ബഫർസോണിന്റെ ഭാഗമായി ഏതെങ്കിലും കേന്ദ്ര ഏജൻസികളുടെ പരിശോധനയുടെ ഭാഗമാണെങ്കിലും ഇരുസംസ്ഥാനങ്ങളുടെ അതിർത്തിയിൽ വരുന്ന പ്രദേശമായതിനാൽ റവന്യൂ, വനംവകുപ്പ് അധികാരികളെ അറിയിക്കേണ്ടതല്ലേയെന്ന ചോദ്യവും ഉയരുന്നുണ്ട്.
വനംവകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ അജിത്ത് കെ. രാമൻ, കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത്, ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ, ഇരിട്ടി സിഐ കെ.ജെ. ബിനോയി എന്നിവർ സ്ഥലത്തെത്തി അടയാളങ്ങൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശന്റെ നേതൃത്വത്തിലുള്ള റവന്യൂസംഘവും മേഖലയിൽ പരിശോധന നടത്തി.
.jpeg)
Post a Comment