ശ്രീകണ്ഠപുരം: നടുവിൽ ഗവ. പോളിടെക്നിക് കോളജില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്ന് സബ്മിഷനിലൂടെ സജീവ് ജോസഫ് എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു. 2015 ലാണ് നടുവിൽ ഗവ. പോളിടെക്നിക് കോളജ് പ്രഖ്യാപിച്ചത്. ഏകദേശം അഞ്ച് ഏക്കറോളം സ്ഥലത്ത് ആറരക്കോടി രൂപ ചെലവിൽ കെട്ടിടം പണിയുകയും ഏകദേശം 50 ലക്ഷം രൂപയുടെ ഫർണിച്ചർ ലഭ്യമാക്കുകയും ചെയ്തെങ്കിലും എഐസിടിഇ യുടെ അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം എഐസിടിഇയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ തസ്തികകള്‍ അനുവദിച്ച് ക്ലാസ് ആരംഭിക്കണമെന്ന് ധനമന്ത്രിയോട് സജീവ് ജോസഫ് ആവശ്യപ്പെട്ടു.
കണ്ണൂർ ജില്ലയിൽ തന്നെ ഏകദേശം 6,276 പേര് പോളിടെക്നിക് കോളജ് അഡ്മിഷനു വേണ്ടി അപേക്ഷിച്ചെങ്കിലും 1,133 പേര്‍ക്ക് മാത്രമാണ് അഡ്മിഷൻ ലഭിച്ചത്. നടുവിൽ ഗവ. പോളിടെക്നിക് യാഥാർഥ്യമാകുന്നതോടെ കണ്ണൂർ ജില്ലയിൽ നിരവധി വിദ്യാർഥികൾക്ക് പഠനത്തിന് അവസരം ലഭിക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു.
.jpeg)
Post a Comment