വിദ്യാർഥികളുടെ ബസ് യാത്രാ ഇളവ്: സ്പെഷ്യൽ ക്ലാസിന് പാസ് അനുവദിക്കും

 




കണ്ണൂർ : സ്‌പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ എന്നിവയ്ക്ക് പോകുന്ന വിദ്യാർഥികളുടെ ബസ് യാത്രാ ഇളവ് സംബന്ധിച്ച് ആർ.ടി.ഒ. ഉത്തരവിറങ്ങി. വീട്ടിൽനിന്ന്‌ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് മാത്രമേ യാത്രാസൗജന്യം അനുവദിക്കൂ എന്ന് ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ പഠിക്കുന്ന സ്ഥാപനത്തിലെ സ്‌പെഷ്യൽ ക്ലാസുകൾ ഒഴിച്ച് മറ്റ് സ്ഥാപനങ്ങളിലേക്കുള്ള സ്‌പെഷ്യൽ ക്ലാസുകൾക്കും ട്യൂഷനും യാത്രാസൗജന്യം അനുവദിക്കില്ല.

സ്വാശ്രയ വിദ്യാഭ്യാസ/പാരലൽ സ്ഥാപനങ്ങൾക്ക് ആർ.ടി.ഒ./ജോയിന്റ് ആർ.ടി.ഒ. അനുവദിച്ച കാർഡ് നിർബന്ധമാണ്. യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്ത ഫുൾടൈം കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ യാത്രാസൗജന്യം അനുവദിക്കൂ. 

 സിറ്റി/ ടൗൺ, ഓർഡിനറി ബസ് സർവീസ്, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് എന്നീ ബസുകളിലെല്ലാം എല്ലാ ദിവസങ്ങളിലും അവധി ദിവസങ്ങൾ ഉൾപ്പെടെ യാത്രാസൗജന്യം അനുവദിക്കും. യൂണിഫോം ധാരികളായ സ്‌കൗട്ടുകൾക്കും എൻ.സി.സി. കാഡറ്റുകൾക്കും ശനി, ഞായർ, മറ്റുള്ള അവധി ദിവസങ്ങളിൽ പരേഡുകളിൽ പങ്കെടുക്കാൻ പോകുമ്പോൾ യാത്രാസൗജന്യം അനുവദിക്കും.

നിയമാനുസൃത തിരിച്ചറിയൽ കാർഡുകൾ 2022 ഓഗസ്റ്റ് 30 മുതൽ നിർബന്ധമാണ്. 

പഠിക്കുന്ന സ്ഥാപനത്തിൽനിന്ന്‌ വീട്ടിലേക്കുള്ള റൂട്ടിൽ 40 കിലോമീറ്റർ മാത്രമേ യാത്രാസൗജന്യം അനുവദിക്കൂവെന്ന് ആർ.ടി.ഒ. ഇ.എസ്. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

Post a Comment

Previous Post Next Post