റിയാദ്: ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന ആ സസ്പെൻസ് ഒടുവിൽ തീരുകയാണ്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പോര്‍ച്ചുഗീസ് സുപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറുമായി കരാറൊപ്പിട്ടു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ക്ലബ് തന്നെയാണ് വിവരം പങ്കുവച്ചത്.
അല്‍ നസർ ക്ലബിന്റെ ഏഴാം നമ്പർ ജേഴ്സിയും കൈയിലേന്തിയുള്ള റൊണാള്‍ഡോയുടെചിത്രവും പങ്കുവച്ചു. റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും വരും തലമുറയ്ക്കും പ്രചോദനമാകുമെന്ന് പുതിയ തുടക്കത്തെ ക്ലബ് വിശേഷിപ്പിച്ചു. പുതിയ ഫുട്ബോള്‍ ലീഗിനെ ഏറെ ആകാംഷയോടെയാണ് നോക്കിക്കാണുന്നതെന്ന് റൊണാള്‍ഡോയും പ്രതികരിച്ചു.
37 കാരനായ റൊണാള്‍ഡോയെ റിക്കാർഡ് തുകയ്ക്കാണ് ക്ലബ് സ്വന്തമാക്കിയത്. 200 മില്യൻ യൂറോയുടെ (ഏകദേശം 1770 കോടി രൂപ) കരാറാണ് റൊണാൾഡോയ്ക്ക് ക്ലബ്ബുമായി ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. 2025 വരെ അൽ നസർ ടീമിനൊപ്പം റൊണാൾഡോ കളിക്കും.
മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ലോകകപ്പ് മത്സരങ്ങൾക്കിടെ നവംബറിലാണ് റൊണാള്‍ഡോ അവസാനിപ്പിച്ചത്.

Post a Comment