കരുവഞ്ചാൽ: കരുവഞ്ചാൽ പാലം നിർമാണ പ്രവൃത്തി ഉദ്ഘാടനം 18ന് നടക്കും. ഉച്ചയ്ക്ക് ഒന്നിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. കെ.സുധാകരൻ എംപി മുഖ്യാതിഥിയായിരിക്കും. കരുവഞ്ചാലിൽ തളിപ്പറമ്പ്-കൂർഗ് റോഡിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയോര മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കരുവഞ്ചാൽ പാലം.
നടുവിൽ പഞ്ചായത്തിനെയും ആലക്കോട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മലയോര മേഖലയിലെ പ്രധാനപ്പെട്ട പാലങ്ങളിലൊന്നാണിത്. 2021-22 വർഷത്തെ ബഡ്ജറ്റിൽ നിർമാണത്തിനായി ആറു കോടി രൂപ വകയിരുത്തിയിരുന്നു. നിലവിൽ 6.8 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ ഉറപ്പിക്കുകയും ചെയ്തു. 50 മീറ്റർ നീളത്തിൽ രണ്ട് സ്പാനോടുകൂടി 11 മീറ്റർ വീതിയിൽ നിർമിക്കുന്ന പാലത്തിന് ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കും.
പാലം പ്രവൃത്തി ഉദ്ഘാടനത്തിനായി സംഘാടകസമിതി രൂപീകരിച്ചു. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി-ചെയർമാൻ, കെ.പി. സാബു-കൺവീനർ, ജയിംസ് പുത്തൻപുര-ട്രഷറർ, സജീവ് ജോസഫ് എംഎൽഎ, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, ഫാ. ജോസഫ് ഈനാച്ചേരി-രക്ഷാധികാരികൾ. സംഘാടകസമിതി രൂപീകരണ യോഗത്തിൽ സാജൻ കെ. ജോസഫ്, ദേവസ്യ പാലപ്പുറം, സജി കുറ്റ്യാനിമറ്റം, വി.ജി. സോമൻ, കെ.ഡി. മുരളി, ജെയിംസ് പുത്തൻപുര എന്നിവർ പ്രസംഗിച്ചു.
_17.jpeg)
Post a Comment