ജോലി, ലൈസന്‍സ്, പാസ്പോര്‍ട്ട്; ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു

 


ഡല്‍ഹി: സര്‍ക്കാര്‍ ജോലി, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍, വിവാഹ രജിസ്‌ട്രേഷന്‍ തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു.

ഇതിനുള്ള നിയമഭേദഗതി ബില്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 1969ലെ ജനന-മരണ രജിസ്ട്രേഷന്‍ നിയമമാണ് ഭേദഗതി ചെയ്യുക. നിയമഭേദഗതി വരുന്നതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് പൂര്‍ണതോതില്‍ ഡേറ്റ ലഭ്യമാകും. ഇത് ജനസംഖ്യ രജിസ്റ്റര്‍ ഉള്‍പ്പെടെ പുതുക്കാന്‍ ഉപയോഗിക്കാനാകും. 


വ്യക്തികളുടെ ജനനത്തീയതിയും സ്ഥലവും തെളിയിക്കുന്നതിനുള്ള രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം പരിഗണിക്കുന്നതിനുള്ള ഭേദഗതിയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഭേദഗതി വരുത്തിയ തീയതിയിലോ അതിനുശേഷമോ ജനിച്ച വ്യക്തിയുടെ ജനനത്തീയതിയും സ്ഥലവും തെളിയിക്കാനുള്ള ഏക രേഖയായി ഇതോടെ ജനന സര്‍ട്ടിഫിക്കറ്റ് മാറും. 


നിലവില്‍ വിവിധ രേഖകള്‍ ജനനത്തീയതി തെളിക്കുന്ന രേഖയായി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പുതിയ ഭേദഗതിയനുസരിച്ച്‌ മരണകാരണം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ആശുപത്രി അധികൃതര്‍ മരണപ്പെട്ടയാളുടെ ബന്ധുവിന് പുറമെ പ്രാദേശിക രജിസ്ട്രാര്‍ക്കും നല്‍കണമെന്ന് നിര്‍ബന്ധമാക്കുന്നുണ്ട്. ഇതുസംബന്ധിച്ച കരട് ബില്ല് നേരത്തേതന്നെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

Post a Comment

Previous Post Next Post