പെരുമ്പടവ്: ഓൺലൈൻ സേവന സ്ഥാപനമായ ആമസോണിന്റെ വിളക്കന്നൂരിലുള്ള സ്റ്റോക്ക് പോയിന്റിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പെരുമ്പടവ് സ്വദേശി കെ.കെ. വിഷ്ണു (23) നെയാണ് കുടിയാന്മല പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബർ ഒന്പതിന് രാത്രിയിലായിരുന്നു സംഭവം. ആമസോൺ വിളക്കന്നൂർ സ്റ്റോക്ക് പോയിന്റിലെ മുൻ ജീവനക്കാരനായ പ്രതി ഇവിടെയുള്ള സിസിടിവി കാമറയുടെ ഡിവിആർ അഴിച്ചുമാറ്റി ഹാർഡ് ഡിസ്ക്കും മേശയിലുണ്ടായിരുന്ന 2,60,000 രൂപയും ഉൾപ്പെടെയാണ് മോഷ്ടിച്ചത്.
കമ്പനി അധികൃതർ നൽകിയ പരാതിയെ തുടർന്ന് കുടിയാന്മല പോലീസിന്റെ നേതൃത്വത്തിൽ അന്നുമുതൽ പ്രതിക്കായി അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിയെ എറണാകുളത്തുനിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന്റെ ഭാഗമായി ഇന്നലെ പ്രതിയെ പെരുമ്പടവിൽ എത്തിക്കുകയും പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. കുടിയാന്മല പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസഫ്, എസ്ഐ ജോസ്, പോലീസുകാരായ ജാബിർ, മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Post a Comment