ഫുട്ബാള്‍ ആരാധകര്‍ ചോദിക്കുന്നു; 777 നമ്ബര്‍ ചാനല്‍ ആക്ടിവേറ്റാകുമോ?



ആലക്കോട്: '777 നമ്ബര്‍ ചാനല്‍ ആക്ടിവേറ്റാക്കുമോ?' കേബിള്‍ ഓപറേറ്റര്‍മാര്‍ക്ക് കുറച്ചുദിവസമായി വരുന്ന അന്വേഷണം ഇതാണ്.

ലോകം മുഴുവന്‍ കാറ്റുനിറച്ച തുകല്‍പന്തിന് പിന്നാലെ പായാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ തത്സമയം കാണാന്‍ 'സ്പോര്‍ട്സ് 18' ചാനല്‍ ആക്ടിവേറ്റാക്കാനുള്ള തിരക്കിലാണ് ജില്ലയിലെ ഫുട്ബാള്‍ ആരാധകര്‍.

ലോകകപ്പിന്‍റെ ഇന്ത്യയിലെ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണാവകാശം 450 കോടി രൂപക്ക് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വിയാകോം-18 ആണ് സ്വന്തമാക്കിയത്. വിയാകോമിന്‍റെ 'സ്പോര്‍ട്സ് 18' ചാനലിലാണ് ലോകകപ്പ് ഇന്ത്യയില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്.


കേരള വിഷന്‍ ഡിജിറ്റലില്‍ 777ാം നമ്ബര്‍ ചാനലാണ് 'സ്പോര്‍ട്സ് 18'. ഇതിന്റെ എച്ച്‌.ഡി ചാനല്‍ നമ്ബര്‍ 863 ആണ്. കേരളവിഷന്‍ ഐ.പി ടി.വിയില്‍ - 975 (എസ്.ഡി), 974 (എച്ച്‌.ഡി) എന്നീ നമ്ബറുകളിലും ചാനല്‍ ലഭ്യമാകും. പുതിയ ചാനലായതുകൊണ്ട് ഭൂരിഭാഗം പേരും 'സ്പോര്‍ട്സ് 18' സബ്സ്ക്രൈബ് ചെയ്തിട്ടില്ല. 


ഇതോടെയാണ് ഫുട്ബാള്‍ ആരാധകര്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനായി കേബിള്‍ ഓപറേറ്റര്‍മാരെ തുടരെ വിളിക്കാന്‍ തുടങ്ങിയത്. കിക്കോഫിനുമുമ്ബ് ചാനലുകള്‍ ആക്ടിവേറ്റാക്കി നല്‍കാനുള്ള തിരക്കിലാണ് കേബിള്‍ ഓപറേറ്റര്‍മാര്‍. ഡി.ടി.എച്ച്‌ കണക്ഷനുള്ളവര്‍ക്കും ഈ ചാനല്‍ നിലവില്‍ ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. 


ഡിഷ് ടി.വി-666 (എച്ച്‌.ഡി), സണ്‍ ഡയറക്‌ട് - 505 (എസ്.ഡി), 983 (എച്ച്‌.ഡി), ടാറ്റ സ്കൈ - 488, എയര്‍ടെല്‍ ഡിജിറ്റല്‍ -293 എന്നിങ്ങനെയാണ് വിവിധ ഡി.ടി.എച്ച്‌ കമ്ബനികളിലെ 'സ്പോര്‍ട്സ് 18' ചാനലിന്റെ നമ്ബറുകള്‍. 


ഇത്തവണ ചാനല്‍ വഴിയല്ലാതെ മൊബൈല്‍ ഫോണിലും ടാബിലും 'ജിയോ സിനിമ' ഒ.ടി.ടി ആപ്ലിക്കേഷനിലൂടെയും സൗജന്യമായി തത്സമയം ലോകകപ്പ് മത്സരങ്ങള്‍ കാണാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷാ കമന്‍ററിയുമുണ്ടാകും. ആന്‍ഡ്രോയ്ഡ് ടി.വിയിലും കമ്ബ്യൂട്ടറുകളിലും ഈ ആപ്ലിക്കേഷന്‍ ലഭിക്കും. കൂടാതെ 'ജിയോ ടി.വി' ആപ്പിലും മത്സരങ്ങള്‍ കാണാനാകും. ഇംഗ്ലീഷ്, ഹിന്ദി ഭാഷ മാത്രമേ ജിയോ ടി.വിയില്‍ ലഭിക്കുകയുള്ളു.

Post a Comment

Previous Post Next Post