കോളേജിൽ എത്തിയപ്പോൾ ജ്യൂസ് വാങ്ങുകയും പിന്നീട് ശൗചാലയത്തിൽ കയറി കൈയിലുണ്ടായിരുന്ന ഗുളിക പൊടിച്ചത് ജ്യൂസിൽ കലർത്തുകയുമായിരുന്നു.
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ, നെയ്യൂരിലെ കോളേജിൽവെച്ചും ഷാരോണിനെ കൊല്ലാൻ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഷാരോൺ പഠിച്ചിരുന്ന നെയ്യൂരിലെ സി.എസ്.ഐ. കോളേജിൽവെച്ച് ജ്യൂസ് ചലഞ്ച് നടത്തിയായിരുന്നു ഗ്രീഷ്മയുടെ കൊലപാതകശ്രമം. ഇതിനായി ജ്യൂസിൽ 50-ഓളം ഡോളോ ഗുളികകൾ കലർത്തിനൽകിയതായും ഗ്രീഷ്മ മൊഴി നൽകി.
ഗ്രീഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച നെയ്യൂരിലെ കോളേജിൽ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് കോളേജിൽ നടന്ന കൊലപാതകശ്രമത്തെക്കുറിച്ചുള്ള കൂടുതൽവിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടത്.
ഷാരോണിനെ അപായപ്പെടുത്താനായാണ് ജ്യൂസ് ചലഞ്ച് നടത്തിയിരുന്നതെന്ന് ഗ്രീഷ്മ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഗുളിക കലർത്തി നൽകിയും കൊല്ലാൻ ശ്രമിച്ചത്. ഇതിനായി 50-ഓളം ഡോളോ ഗുളികകൾ വാങ്ങി പൊടിച്ചശേഷം ഗ്രീഷ്മ ബാഗിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് ഷാരോണിന്റെ കോളേജിൽ എത്തിയപ്പോൾ ജ്യൂസ് വാങ്ങുകയും പിന്നീട് ശൗചാലയത്തിൽ കയറി കൈയിലുണ്ടായിരുന്ന ഗുളിക പൊടിച്ചത് ജ്യൂസിൽ കലർത്തുകയുമായിരുന്നു. എന്നാൽ ജ്യൂസ് കുടിച്ചയുടൻ ഷാരോൺ തുപ്പിക്കളയുകയാണ് ചെയ്തതെന്നും ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്.
ഷാരോൺ കൊലക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുമായി കഴിഞ്ഞദിവസം വെട്ടുകാട് പള്ളിയിലും ബീച്ചിലും ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. യാതൊരു കൂസലുമില്ലാതെ ഷാരോണിനൊപ്പം പോയ സ്ഥലങ്ങളെല്ലാം ഗ്രീഷ്മ അന്വേഷണസംഘത്തിന് കാണിച്ചുനൽകി.
ബുധനാഴ്ച രാവിലെ നെയ്യൂരിലെ കോളേജിലായിരുന്നു തെളിവെടുപ്പ്. ഇനി തൃപ്പരപ്പിലെ റിസോർട്ടിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും. വെട്ടുകാട് പള്ളിയിൽവെച്ച് താലികെട്ടിയതിന് ശേഷം ഷാരോണിനൊപ്പം മൂന്നുദിവസം തൃപ്പരപ്പിലെ റിസോർട്ടിൽ താമസിച്ചിരുന്നതായി ഗ്രീഷ്മ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്നാണ് റിസോർട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തുന്നത്.

Post a Comment