പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും.

 


ഡല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ 10 മണിക്ക് എ.ഐ.സി.സിആസ്ഥാനത്ത് ബാലറ്റ് പെട്ടികള്‍ തുറന്ന് വോട്ടെണ്ണല്‍ ആരംഭിക്കും.

അധ്യക്ഷന്‍ ആരായാലും പാര്‍ട്ടിയുടെ നിയന്ത്രണം ഗാന്ധി കുടുംബത്തിന്‍റെ കൈകളിലായിരിക്കുമെന്ന സൂചനയാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ നല്‍കുന്നത്.

ഇന്നലെയോടെ വിവിധ പി.സി.സികളിലും ഭാരത് ജോഡോ യാത്രയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളില്‍ നിന്ന് 68 ബാലറ്റ് പെട്ടികള്‍ സ്ട്രോംഗ് റൂമിലേക്ക് എത്തിച്ചിരുന്നു. സ്ട്രോംഗ് റൂം ഇന്ന് രാവിലെ 10 മണിക്ക് തുറന്ന് ബാലറ്റ് പെട്ടികള്‍ പുറത്തെടുക്കും.

തുടര്‍ന്ന് ബാലറ്റ് പേപ്പറുകള്‍ കൂട്ടിക്കലര്‍ത്തും. ഇതിനുശേഷം 100 ബാലറ്റ് പേപ്പറുകള്‍ വീതം ഓരോ കെട്ടാക്കി മാറ്റും. ശേഷം 4 മുതല്‍ 6 ടേബിളുകളിലായി വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഔദ്യോഗിക ഫലം പ്രഖ്യാപിക്കും. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. 


തിരഞ്ഞെടുപ്പില്‍ വലിയ അട്ടിമറികളൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. നെഹ്റു കുടുംബത്തിന്‍റെ ആശീര്‍വാദത്തോടെ മത്സരിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനായാസം വിജയിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഖാര്‍ഗെയുടെ വിജയം നേതൃത്വം ഇതിനകം തന്നെ ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ തരൂരിന് എത്രത്തോളം പിന്തുണ ലഭിക്കുമെന്ന ആകാംക്ഷയും ഔദ്യോഗിക പക്ഷത്തിനുണ്ട്.

Post a Comment

Previous Post Next Post