കണ്ണൂർ: പ്രണയ പകയിൽ സംസ്ഥാനത്ത് ഒരു പെണ്‍കുട്ടിക്കു കൂടി ജീവൻ നഷ്ടമായി. കണ്ണൂർ പാനൂർ വള്ള്യായിലെ കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ (23) ആണ് ഒടുവിലത്തെ ഇര. കൊല്ലപ്പെട്ട യുവതിക്കു നേരെ അതിക്രൂരമായ ആക്രമണമാണ് പ്രതിയായ യുവാവ് നടത്തിയത്. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ യുവതിയുടെ കഴുത്തറ്റ് തൂങ്ങിയ നിലയിലായിരുന്നു.
ഉച്ചയോടെയാണ് പെണ്‍കുട്ടി ആക്രമണത്തിനിരയായത്. വീട്ടിൽ പെണ്‍കുട്ടി തനിച്ചാണെന്നു മനസിലാക്കിയ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് ബാഗിൽ ആയുധങ്ങൾ കരുതി ആക്രമണത്തിന് എത്തുകയായിരുന്നു. വാക്കത്തിക്കു കഴുത്തിനു വെട്ടിയതു യുവതി തടയാൻ ശ്രമിച്ചപ്പോൾ കൈകൾക്കും വെട്ടേറ്റു. മരണം ഉറപ്പാക്കാൻ പ്രതി തുടരെ വെട്ടിയെന്നാണ് പോലീസ് നിഗമനം.
വിഷ്ണുപ്രിയയും ശ്യാജിത്തും മുൻപ് പ്രണയത്തിലായിരുന്നുവെന്നും പിന്നീടു ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായി പെണ്‍കുട്ടി പിന്മാറിയതിന്റെ പകയാണ് സംഭവത്തിനു കാരണമെന്നുമാണ് പോലീസ് പറയുന്നത്. ആക്രമണത്തിനു തയാറായി എത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീടിനു മുന്നിലൂടെ മാസ്ക് ധരിച്ചു നിരവധി തവണ എത്തിയിരുന്നു. പെണ്‍കുട്ടി തനിച്ചാണെന്ന് ഉറപ്പാക്കിയ ശേഷം വീടിനുള്ളിൽ കടന്ന് ആക്രമിക്കുകയായിരുന്നു.
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ വീട്ടുകാർ പങ്കെടുക്കാൻ പോയ തക്കംനോക്കിയാണ് പ്രതി ആക്രമണത്തിന് എത്തിയത്. ഏറെനേരം കഴിഞ്ഞും പെണ്‍കുട്ടിയെ കാണാതെ വന്നതോടെ അമ്മ വീട്ടിൽ തിരക്കി എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് മൃതദേഹം കണ്ടത്. ആക്രമണത്തിനു ശേഷം പ്രതി സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയുടെ ഫോണ്‍ രേഖകൾ പരിശോധിച്ചതോടെ സംഭവത്തിന് അരമണിക്കൂർ മുമ്പു വിളിച്ച യുവാവിലേക്ക് അന്വേഷണം നീളുകയായിരുന്നു. ഫോണ്‍ സിഗ്നൽ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി മണിക്കൂറുകൾക്കകം കുടുങ്ങുകയായിരുന്നു.
ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തു വിശദമായ പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ആശുപത്രിയിലേക്കു മാറ്റി. വിഷ്ണുപ്രിയയുടെ അച്ഛൻ ഗൾഫിൽ ജോലി ചെയ്യുകയാണ്. സഹോദരനും ജോലിക്കായി അന്യസംസ്ഥാനത്ത് ആണ്. അമ്മയും വിഷ്ണുപ്രിയയും മാത്രമാണ് വീട്ടിൽ താമസിക്കുന്നതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.

Post a Comment