മാഹി: വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന്റെ പ്രധാന ദിവസങ്ങളായ 14, 15 തീയതികളിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് മാഹിയിൽ ഗതാഗത ക്രമീകരണമേർപ്പെടുത്തി. തലശേരി ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്, ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽനിന്നും ഇടതുവശത്തുള്ള ബൂൾ വാർഡ് റോഡിലൂടെ ഇൻഡോർ സ്റ്റേഡിയം വഴി റെയിൽവേ സ്റ്റേഷൻ റോഡിലൂടെ അഴിയൂർ ചുങ്കത്തെ ദേശീയ പാതയിലേക്ക് കടക്കണം. വടകര ഭാഗത്തുനിന്ന് തലശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആശുപത്രി ജംഗ്ഷനിൽനിന്നും ഇടത്തോട്ടു തിരിഞ്ഞ് മൈതാനം-ടാഗോർ പാർക്ക് വഴി മാഹി പാലത്തിലേക്ക് കടന്നുപോകണം.
സെമിത്തേരി റോഡ് ജംഗ്ഷൻ മുതൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെയുള്ള റോഡിലൂടെ വാഹനഗതാഗതം പൂർണമായും നിരോധിക്കും. തീർത്ഥാടകരുടെ വാഹനങ്ങൾ മൈതാനിയിൽ പാർക്ക് ചെയ്യണം. റോഡരികിൽ പാർക്കിംഗ് ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് അറിയിച്ചു.
പോക്കറ്റടി, ചൂതാട്ടം എന്നിവ തടയാൻ പ്രത്യേക ക്രൈം സ്ക്വാഡിനെ നിയോഗിക്കും. ക്രമസമാധാനത്തിന് പ്രത്യേക വാച്ച് ടവർ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈൽ ഫോണുകൾ, ബാഗുകൾ, കടലാസുപൊതികൾ എന്നിവ അനുവദിക്കില്ല. 14 ന് മാഹി ടൗണിൽ മദ്യഷാപ്പുകൾ അടച്ചിടും. അനധികൃത മദ്യവില്പന നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. പോലീസിനെ സഹായിക്കാൻ പുതുച്ചേരിയിൽനിന്ന് പ്രത്യേക സേന മാഹിയിലെത്തുമെന്ന് പോലീസ് ഇൻസ്പെക്ടർ എസ്.ശേഖർ അറിയിച്ചു.
.jpeg)
Post a Comment