രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളില്‍ കണ്ടെയിനര്‍ ലോറികളും ടിപ്പറുകളും കണ്ണൂര്‍ നഗരത്തില്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ റോഡ് സുരക്ഷാസമിതി യോഗം നിര്‍ദേശം നല്‍കി.
പൊതുറോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
നഗരങ്ങളിലെ അനധികൃത ഓട്ടോറിക്ഷാ സ്റ്റാന്റുകള്‍ ഒഴിവാക്കാന്‍ യോഗം തീരുമാനിച്ചു. പാപ്പിനിശേരി-പിലാത്തറ റോഡില്‍ അപകട സാധ്യതയുള്ള ഇടങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ ടി ഒ യെ ചുമതലപ്പെടുത്തി.
കണ്ണൂര്‍ ഒണ്ടേന്‍ റോഡിന്റെ വീതി കൂട്ടല്‍, സ്ലാബുകളുടെ പ്രശ്‌നം പരിഹരിച്ച് ഗതാഗത തടസമൊഴിവാക്കല്‍ എന്നിവ സംബന്ധിച്ച് കോര്‍പ്പറേഷന്‍ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് തേടും. താഴെചൊവ്വ പള്ളിപ്പൊയില്‍ റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച ജില്ലാ പഞ്ചായത്തിന്റെ അപേക്ഷയിന്മേല്‍ കെ എസ് ടി പി യില്‍ നിന്നും റിപ്പോര്‍ട്ട് തേടും. താണ, ചിറക്കര, കാല്‍ടെക്‌സ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ട്രാഫിക് സിഗ്‌നല്‍ സംവിധാനം സംബന്ധിച്ച് വിശദവിവരങ്ങള്‍ തേടി.
അപകടം പതിവായ തളിപ്പറമ്ബ് നാറാത്ത് ജംഗ്ഷനില്‍ റംബിള്‍ സ്‌ട്രൈപ്‌സ് സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. തളിപ്പറമ്ബ് നഗരത്തില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് നഗരസഭയ്ക്ക് അനുമതി നല്‍കും. നാറാത്ത് പഞ്ചായത്തില്‍ ജംഗ്ഷനിലേക്കുള്ള പോക്കറ്റ് റോഡുകളില്‍ ഡിവൈഡറുകളും ഗതാഗത നിയന്ത്രണ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കും.

Post a Comment