ബംഗളൂരു: ഓണാവധിക്കാലത്ത് മൈസൂരുവില്‍നിന്നും ബംഗളൂരുവില്‍നിന്നും കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ബുധനാഴ്ച രണ്ട് സ്‍പെഷല്‍ ട്രെയിന്‍ ഓടിക്കാന്‍ തീരുമാനം.
യശ്വന്തപുര - കൊല്ലം- യശ്വന്തപുര (06501/06502), മൈസൂരു - തിരുവനന്തപുരം സെന്‍ട്രല്‍ - മൈസൂരു (06201/06202) എന്നീ സ്‌പെഷല്‍ ട്രെയിനുകളാണ് ദക്ഷിണ പശ്ചിമ റെയില്‍വെ പ്രഖ്യാപിച്ചത്. യശ്വന്തപുര - കൊല്ലം എക്‌സ്പ്രസ് (06501) പാലക്കാട്, തൃശുര്‍ വഴിയും മൈസൂരു - തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (06201) സേലം, മധുരൈ,നാഗര്‍കോവില്‍ വഴിയുമാണ് പോവുക. അതിനാല്‍ ഫലത്തില്‍ കേരളത്തിലേക്ക് ഓണാവധിക്ക് ഒരു സ്‍പെഷല്‍ ട്രെയിനിന്റെ സൗകര്യമേ യാത്രക്കാര്‍ക്ക് ലഭിക്കൂ. മൈസൂരു - തിരുവനന്തപുരം സ്‍പെഷല്‍ തിരുവനന്തപുരത്തുകാര്‍ക്കും തമിഴ്നാട്ടിലെ മറ്റു സ്റ്റേഷനുകളിലേക്കുള്ള യാത്രക്കാര്‍ക്കുമാണ് ഉപകാരപ്പെടുക. അതേസമയം, മലബാര്‍ മേഖലയിലേക്ക് പ്രത്യേക ട്രെയിന്‍ ഇല്ല.
ഓണക്കാല തിരക്ക് മുതലെടുത്ത് സ്വകാര്യ ബസുകള്‍ തീവെട്ടിക്കൊള്ളയാണ് നടത്തുന്നത്. 3999 രൂപ വരെയാണ് സ്വകാര്യ ബസുകള്‍ കേരളത്തിലേക്കുള്ള യാത്രക്ക് ഈടാക്കുന്നത്.
യശ്വന്തപുര - കൊല്ലം എക്‌സ്പ്രസ് (06501) യശ്വന്തപുരയില്‍ നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 4.30-ന് കൊല്ലത്തെത്തും. തിരിച്ച് വ്യാഴാഴ്ച രാവിലെ 6.10-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് യശ്വന്തപുരയിലെത്തും. കെ.ആര്‍ പുരം, സേലം, ഈറോഡ് ജങ്ഷന്‍, തിരുപ്പൂര്‍, കോയമ്ബത്തൂര്‍ ജംഗ്ഷന്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.
മൈസൂരു - തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (06201) ബുധനാഴ്ച ഉച്ചയ്ക്ക് 12.15-ന് മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.30-ന് തിരുവനന്തപുരം സെന്‍ട്രലിലെത്തും. തിരിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11.45-ന് മൈസൂരുവിലെത്തും. മാണ്ഡ്യ, കെങ്കേരി, കെ.എസ്.ആര്‍ ബംഗളൂരു, കന്റോണ്‍മെന്റ്, ഹൊസൂര്‍, ധര്‍മപുരി, സേലം, നാമക്കല്‍, കരൂര്‍, ഡിന്‍ഡിഗല്‍, മധുരൈ, കോവില്‍പട്ടി, തിരുനെല്‍വേലി, നാഗര്‍കോവില്‍ ടൗണ്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.
അതേസമയം, കെ.എസ്.ആര്‍ ബംഗളൂരു- എറണാകുളംസൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ സെപ്തംബര്‍ 13 വരെ ഒരു ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകൂടി അനുവദിച്ചിട്ടുണ്ട്. കൊച്ചുവേളി- ബൈയപ്പനഹളി എസ്.എം.വി.ടി ഹംസഫര്‍ എക്സ്പ്രസില്‍ വ്യാഴം, ശനി ദിവസങ്ങളില്‍ ഒരു ത്രീ ടയര്‍ എ.സി കോച്ചും അധികം അനുവദിച്ചിട്ടുണ്ട്.

Post a Comment