ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പില്‍ മലയാളി നായകന്‍; കണ്ണൂർ സ്വദേശിയാണ്

 


ദുബൈ: ട്വന്‍റി 20 ലോകകപ്പിന് ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് ഇടം ലഭിച്ചിക്കാത്തതില്‍ നിരാശരാണ് മലയാളികള്‍.

എന്നാല്‍ തല്‍ക്കാലം മലയാളികള്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന വാര്‍ത്തയാണ് യു.എ.ഇയില്‍ നിന്ന് പുറത്തു വരുന്നത്. ട്വന്‍റി20 ലോകകപ്പിനുള്ള യു.എ.ഇ ടീമില്‍ മൂന്ന താരങ്ങള്‍ മലയാളികളാണ്.

അതില്‍ ഒരാള്‍ നായകനും. മലയാളിയായ റിസ്‌വാന്‍ റഊഫാണ് ഇത്തവണ യു.എ.ഇയെ ടി20 ലോകകപ്പില്‍ നയിക്കുന്നത്. തലശ്ശേരി സൈദാര്‍പള്ളി സ്വദേശിയാണ് റിസ്‌വാന്‍ റഊഫ്. എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ടീം പ്രഖ്യാപനം മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് മലയാളി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടീം ക്യാപ്റ്റനാകുന്നത്.

റിസ്‌വാന്‍ റഊഫ് നയിക്കുന്ന യു.എ.ഇ ടീമില്‍ മലയാളി താരങ്ങളായ ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫു എന്നിവരും ഇടംപിടിച്ചിട്ടുണ്ട്.15 അംഗ ടീമില്‍ ക്യാപ്റ്റനുള്‍പ്പെടെ മൂന്ന് മലയാളികള്‍. ഇതുകൂടാതെ മറ്റൊരു മലയാളി വിഷ്ണു സുകുമാരനെ റിസര്‍വ് താരമായും യു.എ.ഇ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഏഷ്യകപ്പ് യോഗ്യത മത്സരത്തിലും റിസ്‌വാനായിരുന്നു യു.എ.ഇ ടീമിന്‍റെ നായകന്‍. ലോകകപ്പിന്‍റെ പ്രാഥമിക റൗണ്ടിലായിരിക്കും യു.എ.ഇ ആദ്യം കളിക്കുക. ഒക്ടോബര്‍ 14 മുതല്‍ ആരംഭിക്കുന്ന പ്രാഥമിക റൗണ്ടില്‍ എഗ്രൂപ്പില്‍ ശ്രീലങ്ക, നെതര്‍ലാന്‍ഡ്, നമീബിയ ടീമുകളാണ് എതിരാളികള്‍. ഇതില്‍ നിന്ന് രണ്ട് ടീമുകള്‍ക്ക് അടുത്ത റൗണ്ടിലേക്ക് യോഗ്യത ലഭിക്കും. രണ്ടാം റൌണ്ടില്‍ വമ്ബന്മാരായ ഇന്ത്യ, പാകിസ്താന്‍, ആസ്ട്രേലിയ ഉള്‍പ്പെടെയുള്ള ടീമുകളെ നേരിടണം. 16ന് നെതര്‍ലാന്‍ഡ്സിനെതിരെയാണ് യു.എ.ഇയുടെ ആദ്യ മത്സരം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയിട്ടുള്ള ഏക മലയാളി താരവും റിസ്‌വാന്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിനെതിരെ 136 പന്തില്‍ 109 റണ്‍സ് അടിച്ചാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.

Post a Comment

Previous Post Next Post