പാലക്കാട് ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ച ബസ് യുവതി തടഞ്ഞു നിര്‍ത്തി

 


പാലക്കാട്: കൂറ്റനാടിന് സമീപം പെരുമണ്ണൂരില്‍ ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ച ബസ് തടഞ്ഞു നിര്‍ത്തി യുവതി.

പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന 'രാജപ്രഭ' ബസാണ് തടഞ്ഞത്. സ്‌കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്.

ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ ഇരുചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒന്നരകിലോമീറ്ററോളം പിന്തുടര്‍ന്നാണ് യുവതി ബസിനെ തടഞ്ഞുനിര്‍ത്തിയത്.

ബസ് തന്റെ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇടിച്ചിടാന്‍ പോയെന്നും അപകടകരമായരീതിയിലാണ് ബസ് ഡ്രൈവര്‍ വാഹനമോടിച്ചതെന്നുമായിരുന്നു യുവതിയുടെ പരാതി. പിന്നീട് ബസ് മറ്റൊരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോളാണ് യുവതി സ്‌കൂട്ടര്‍ മുന്നില്‍നിര്‍ത്തി ബസ് തടഞ്ഞത്. തുടര്‍ന്ന് ജീവനക്കാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.



മുന്‍പ് രണ്ടോ മൂന്നോ തവണ സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ പ്രതികരിച്ചതെന്നും സാന്ദ്ര പറഞ്ഞു. വണ്ടി തടഞ്ഞുനിര്‍ത്തി സംസാരിച്ചപ്പോള്‍ ബസ് ഡ്രൈവര്‍ ചെവിയില്‍ ഹെഡ്‌ഫോണ്‍ തിരുകിവെച്ചിരിക്കുകയായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു.

Post a Comment

Previous Post Next Post