ഇരിട്ടി: കണിച്ചാര്‍ പഞ്ചായത്തിലെ സെമിനാരിവില്ലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ പെയ്ത കനത്തമഴയില്‍ ആണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
ഒരുമാസത്തിനുള്ളില്‍ ഇവിടെ ഉരുള്‍ പൊട്ടിയത് ഇത് അഞ്ചുതവണ. ഉരുള്പൊട്ടലിനെത്തുടര്‍ന്ന് വന്‍ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. കാഞ്ഞിരപ്പുഴ കരകവിഞ്ഞൊഴുകി തൊണ്ടിയില്‍ ടൗണില്‍ വെള്ളം കയറി.
നിടുംപൊയില്‍ - മാനന്തവാടി ചുരം റോഡില്‍ 27-ാം മൈലില്‍ കണ്ണവം ഫോറസ്റ്റ് റേഞ്ച് വനമേഖലയിലാണ് ഈ തുടര്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവുന്നത്. ഉരുള്‍പൊട്ടലിന്റെ പ്രധാന കേന്ദ്രമായി ഇരുപത്തി ഏഴാംമൈല്‍ സെമിനാരിവില്ല ഭാഗം മാറിയതോടെ പ്രദേശവാസികള്‍ കനത്ത ഭീതിയിലാണ്. രാത്രിയിലും പകലും എന്നോണം മഴപെയ്താല്‍ ഉരുള്‍ പൊട്ടുന്ന സ്ഥിതിയിലാണ് ഈ പ്രദേശം. ഉരുള്‍പ്പൊട്ടല്‍ തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ഇതിനെക്കുറിച്ച് അടിയന്തര പഠനം നടത്താനോ ഇവിടുത്തെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കാത്തതില്‍നാട്ടുകാരില്‍ കടുത്ത പ്രതിഷേധമുണ്ട്.

Post a Comment