സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ്: പ്രവര്‍ത്തന ഉദ്ഘാടനം 20ന്

 


കണ്ണൂര്‍;ജില്ലയിലെ മാലിന്യ ശേഖരണ സംസ്‌കരണ സംവിധാന മാനേജ്‌മെന്റ് പൂര്‍ണമായും ശാസ്ത്രീയ രീതിയിലേക്ക് മാറുന്ന ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ് ഉപയോഗിച്ചുളള മാലിന്യ സംസ്‌കരണ മാനേജ്‌മെന്റ് സംവിധാനത്തിന് സെപ്റ്റംബര്‍ 20ന് ജില്ലയില്‍ തുടക്കമാകും.

എരഞ്ഞോളിയിലെ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 11 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഡിജിറ്റല്‍ മാനേജ്‌മെന്റ് സംവിധാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിക്കും. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും. സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദരിക്കും.

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ഖര മാലിന്യ ശേഖരണ മാനേജ്‌മെന്റ് സംവിധാനം ഡിജിറ്റല്‍ രീതിയിലാക്കാനാവശ്യമായ സര്‍വെ പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് എരഞ്ഞോളി.

7259 വീടുകളിലും 891 സ്ഥാപനങ്ങളിലുമാണ് എരഞ്ഞോളി ഗ്രാമ പഞ്ചായത്തില്‍ സര്‍വ്വെ ചെയ്തത്. 28 പേരടങ്ങിയ ടീമാണ് സര്‍വെയും ക്യു ആര്‍ കോഡ് പതിക്കലും നടത്തിയത്. ഖരമാലിന്യ ശേഖരണ-സംസ്‌കരണ സംവിധാനം ഡിജിറ്റല്‍ ചെയ്യുന്നതോടെ ശേഖരണ സംവിധാനത്തിന്റെ വേഗത വര്‍ധിപ്പിക്കാന്‍ സാധിക്കും. അതോടൊപ്പം ഹരിത കര്‍മ്മ സേന വീടുകളില്‍ മാലിന്യ ശേഖരണത്തിനായ് എത്തുന്ന തീയ്യതി മുന്‍കൂട്ടി അറിയിക്കാനും ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ് കൃത്യമായി അറിയാനും സാധിക്കും. കെല്‍ട്രോണ്‍ തയ്യാറാക്കിയ ആപ് ഉപയോഗിച്ചാണ് മാനേജ്‌മെന്റ്‌സംവിധാനം രൂപപ്പെടുത്തിയത്.

Post a Comment

Previous Post Next Post