ചിറവക്കിൽ ക്ഷേത്രച്ചിറക്ക് സമീപം ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ കണ്ടെത്തിയ പീരങ്കിയുടെ ഭാഗം പുരാവസ്തു വിഭാഗം പരിശോധിച്ചു. കോഴിക്കോട്ടെ പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഇൻചാർജ് ഓഫീസർ കെ കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച വൈകീട്ട് തളിപ്പറമ്പിലെത്തിയിരുന്നു.
ഇവരുടെ പരിശോധനക്ക് ശേഷം കോഴിക്കോട് മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. പീരങ്കിയുടെ കുഴൽ തകർന്നതിന്റെ ബാക്കിയാണിതെന്നാണ് വിലയിരുത്തൽ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകർത്തിട്ടതോ ഉപയോഗിക്കുമ്പോൾ തകർന്നു പോയതോ ആകാമെന്നും കൃഷ്ണരാജ് പറഞ്ഞു.
വടകരയ്ക്കടുത്ത് പുറമേരിയിൽ ഇത്തരത്തിലുള്ള ഒരു പീരങ്കി നേരത്തെ കാണപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കാലപ്പഴക്കം നിർണയിക്കണമെങ്കിൽ പീരങ്കി നിർമിച്ച ലോഹക്കൂട്ടിനെക്കുറിച്ച് പഠിക്കണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പറമ്പിൽ മരത്തിന്റെ വേരോട് ചേർന്നുനിന്ന പീരങ്കിയുടെ ഭാഗം ഇളക്കിമാറ്റിയാണ് പരിശോധിച്ചത്.
ഏറെ ഭാരമുണ്ടായിരുന്ന പീരങ്കിയുടെ കുഴൽ മരം മുറിക്കാനെത്തിയ തൊഴിലാളികളുടെ സഹായം തേടിയാണ് പുരാവസ്തു വിഭാഗത്തിന്റെ വാഹനത്തിലെത്തിച്ചത്. തഹസിൽദാർ പി സജീവൻ, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ടി മനോഹരൻ, വില്ലേജ് ഓഫീസർ കെ അബ്ദുൾറഹിമാൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
.jpeg)
Post a Comment