സൂറിച്ച്: ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്. നിയമങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്നാണ് വെബ്സൈറ്റിലെ വാര്‍ത്താക്കുറിപ്പില്‍ ഫിഫ അറിയിച്ചിരിക്കുന്നത്.
ഈ വിലക്ക് നീങ്ങുന്നതുവരെ ഇന്ത്യയ്ക്ക് ഒരു രാജ്യാന്തര മത്സരവും കളിക്കാനാകില്ല. ഇതോടെ ഇന്ത്യയ്ക്ക് ഒക്ടോബറില്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍17 വനിതാ ലോകകപ്പും നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ അംഗീകാരം നഷ്ടമാകുകയും അത് സാധുതയില്ലാത്ത സംഘടനയായി മാറുകയും ചെയ്തു.
അസോസിയേഷന്‍ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായതാണ് വിലക്കിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ നിയമിച്ചശേഷം ഫിഫയെ സമീപിച്ചാല്‍ വിലക്ക് മാറിക്കിട്ടും. അതുവരെ വിലക്ക് തുടരും. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഭരണസമിതിയില്‍ (എഐഎഫ്‌എഫ്) ഉടന്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫിഫ ഇടപെട്ടിരുന്നു. കോടതി ഉത്തരവിന്റെ പൂര്‍ണരൂപം അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ട രാജ്യാന്തര ഫുട്ബോള്‍ ഭരണസമിതി ഇതു വിശദമായി പരിശോധിച്ച ശേഷം നടപടി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്.
ഫിഫയുടെ നയങ്ങള്‍ക്കു വിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കുകയും ഒക്ടോബറില്‍ ഇന്ത്യ ആതിഥ്യം വഹിക്കേണ്ട അണ്ടര്‍17 വനിതാ ലോകകപ്പ് വേദി ഇവിടെനിന്നു മാറ്റുകയും ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. ഈ മാസം 28ന് തിരഞ്ഞെടുപ്പു നടത്താനാണ് സുപ്രീം കോടതിയുടെ വിധി.

Post a Comment