നാവികസേനയ്ക്ക് പുതിയ പതാക; കൊച്ചിയില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്യും

 


ന്യൂഡല്‍ഹി: കൊളോണിയല്‍ കാലഘട്ടത്തിന്‍റെ ഓര്‍മ്മകള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്യും.


ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലിന്‍റെ കമ്മിഷന്‍ ചടങ്ങില്‍ പുതിയ പതാക പുറത്തിറക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചു. ഐഎന്‍എസ് വിക്രാന്ത് സെപ്റ്റംബര്‍ രണ്ടിന് കൊച്ചിയില്‍ കമ്മിഷന്‍ ചെയ്യും.

കൊളോണിയല്‍ ഭൂതകാലത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് സമ്ബന്നമായ ഇന്ത്യന്‍ സമുദ്ര പൈതൃകത്തിന് അനുയോജ്യമായ പുതിയ നാവിക പതാക പ്രധാനമന്ത്രി ചടങ്ങില്‍ അനാച്ഛാദനം ചെയ്യുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് നാവികസേനയുടെ പതാക മാറ്റുന്നത്.

വെള്ളപതാകയില്‍ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകള്‍ യോജിക്കുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണ് നിലവില്‍ നാവികസേനയുടെ പതാക. ചുവന്ന വരകള്‍ സെന്‍റ് ജോര്‍ജ്ജ് ക്രോസ് എന്നറിയപ്പെടുന്നു. സെന്‍റ് ജോര്‍ജ്ജ് ക്രോസ് 1928 മുതല്‍ നാവികസേനയുടെ പതാകയുടെ ഭാഗമാണ്. 2001-2004 കാലഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നാവികസേനയുടെ ചിഹ്നം പതാകയില്‍ ചേര്‍ത്തത്. ചിഹ്നത്തിന് നീല നിറമായിരുന്നു. എന്നാല്‍, നിറത്തെക്കുറിച്ച്‌ പരാതി ഉയര്‍ന്നപ്പോള്‍ ചിഹ്നത്തിന്‍റെ നിറം വീണ്ടും മാറ്റി. 2014ലാണ് അവസാനത്തെ മാറ്റം കൂട്ടിച്ചേര്‍ത്ത് നിലവിലുള്ള രൂപത്തിലേക്കെത്തിയത്.

Post a Comment

Previous Post Next Post