കൊച്ചി: കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി ബെംഗളൂരുവില്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശി ഒക്കാഫോര്‍ എസേ ഇമ്മാനുവല്‍ (32) ആണ് അറസ്റ്റിലായത്.
ആറ് മാസത്തിനിടെ ഇയാള്‍ കൊച്ചിയിലേക്ക് കടത്തിയത് നാലര കിലോ എംഡിഎംഎ ആണ്. ബെംഗളൂരുവില്‍ താമസിച്ച് ലഹരി മരുന്ന് നിര്‍മിച്ച് കേരളത്തിലേക്ക് എത്തിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പാലാരിവട്ടം പൊലീസാണ് ബെംഗളൂരുവിലെത്തി ഇയാളെ പിടികൂടിയത്. ജൂലൈ മാസത്തില്‍ എറണാകുളത്ത് നടന്ന ഒരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ജൂലൈ 120ന് 102.4 ഗ്രാം എംഡിഎംഎയുമായി ഹാറൂണ്‍ സുല്‍ത്താന്‍ എന്നയാളെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവര പ്രകാരം അലിന്‍ ജോസഫ്,നിജു പീറ്റര്‍, അലന്‍ ടോണി എന്നിവരെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബെംഗളൂരു, ദില്ലി എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ ലഹരി മരുന്ന് എത്തിക്കുന്ന കണ്ണികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.
തുടര്‍ന്നാണ് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന ആന്റണി വാള്‍ട്ടര്‍ ഫെര്‍ണാണ്ടസ് എന്ന വ്യക്തിയെ കുറിച്ച് വിവരം ലഭിച്ചത്. ഇയാളില്‍ നിന്നാണ് നൈജീരിയന്‍ സ്വദേശിയെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. 6 മാസത്തിനിടെ കേരളത്തിലേക്ക് 4.5 കിലോ എംഡിഎംഎ ആണ് പ്രതികള്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പാലാരിവട്ടം പൊലീസ് അറിയിച്ചു.

Post a Comment