വിജിലന്‍സില്‍ നിന്നും രക്ഷപ്പെടാന്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥന്‍ കൈക്കൂലി പണം വിഴുങ്ങിയതായി സംശയം



കണ്ണൂര്‍: വിജിലന്‍സ് പിടികൂടിയ കെഎസ്‌ഇബി സബ്ബ് എഞ്ചിനീയര്‍ കൈക്കൂലി പണം വിഴുങ്ങിയതായി സംശയം. അഴീക്കോട് കെഎസ്‌ഇബിയിലെ സബ്ബ് എ‍ഞ്ചിനീയറായ ജിയോ എം ജോസഫാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത് തടയാനായി പണം വിഴുങ്ങിയതായി സംശയിക്കുന്നത്.

സംഭവത്തെക്കുറിച്ച്‌ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ - ജിയോ എം ജോസഫ് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൂതപ്പാറ സ്വദേശിയായ അബ്ദുള്‍ ഷുക്കൂര്‍ പരാതിയുമായി വിജിലന്‍സിനെ സമീപിച്ചിരുന്നു. വിജിലന്‍സ് നല്‍കിയ നോട്ടുമായി ഇയാള്‍ ജിയോ എം ജോസഫിനെ കാണുകയും പണം കൈമാറുകയും ചെയ്തു.

ഇടപാട് നടന്നതിന് തൊട്ടുപിന്നാലെ ഒളിച്ചിരുന്ന വിജിലന്‍സ് സംഘം ജിയോ ജോസഫിനെ പിടികൂടി. എന്നാല്‍ ദേഹപരിശോധന നടത്തിയിട്ടും പരിസരത്ത് തെരഞ്ഞിട്ടും അബ്ദുള്‍ ഷുക്കൂര്‍ നല്‍കിയ പണം മാത്രം കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെയാണ് ഇയാള്‍ പണം വിഴുങ്ങിയെന്ന സംശയം വിജിലന്‍സിനുണ്ടായത്.

ഇതോടെ ഇയാളുമായി വിജിലന്‍സ് സംഘം ആശുപത്രിയില്‍ എത്തി. എന്നാല്‍ എന്‍ഡോസ്കോപ്പി ചെയ്യാനുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തോട് ജിയോ ജോസഫ് സഹകരിക്കുന്നില്ലെന്നാണ് വിവരം. എറണാകുളം ആലങ്ങാട് സ്വദേശിയാണ് ജിയോ ജോസഫ്. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്‍്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് ജിയോ ജോസഫിനെ പിടികൂടിയത്.

Post a Comment

Previous Post Next Post