ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴക്കെടുത്തി രൂക്ഷം. ഹിമാചൽ പ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയിൽ 39 പേർ മരിച്ചതായാണ് റിപ്പോർട്ട്.
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഒഡീഷ, ജമ്മു കാഷ്മീർ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. ഒരു കുടുംബത്തിലെ എട്ട് പേർ ഉൾപ്പെടെ 23 പേരാണ് ഹിമാചൽ പ്രദേശിൽ മരിച്ചത്.
ഉത്തരേന്ത്യയിൽ അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. വെള്ളിയാഴ്ച തുടങ്ങിയ കനത്ത മഴയിൽ ഹിമാചലിലെ നിരവധിയിടങ്ങളിൽ മണ്ണിടിച്ചിലും മേഘവിസ്ഫോടനവും അനുഭവപ്പെട്ടു.
മണാലി-ചണ്ഡിഗഡ് ദേശീയപാത ഉൾപ്പെടെ 743 റോഡുകളിൽ ഗതാഗതം നിർത്തിവച്ചു. പല നദികളും കരകവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകളും തകർന്നു. ഗ്രാമങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും മഴ ശക്തമാണ്.

Post a Comment