ജില്ലക്ക് ജൈവവൈവിധ്യത്തിന്റെ പകിട്ടേകി 125 പച്ചത്തുരുത്തുകള്‍



കണ്ണൂര്‍; ജൈവവൈവിധ്യ സംരക്ഷണത്തിന് പുതിയ മുഖം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയില്‍ ജില്ലയില്‍ ഒരുങ്ങിയത് 125 ചെറുവനങ്ങള്‍.

അതിജീവനത്തിനായി ചെറുവനങ്ങള്‍ നിര്‍മിച്ച്‌ സ്വാഭാവിക ആവാസ വ്യവസ്ഥ പുനസ്ഥാപിക്കാനാണ് പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്.

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 83.44 ഏക്കറിലാണ് പച്ചത്തുരുത്ത് ഒരുക്കിയത്. ഇവയിലാകെ 22,099 ചെടികള്‍ നട്ടുപിടിപ്പിച്ചു. 125 തുരുത്തുകളില്‍ 96 എണ്ണം വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പൊതു ഇടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കാവുകള്‍, പാര്‍ക്കുകള്‍, ശ്മശാനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ്. 73.01 ഏക്കര്‍ സ്ഥലത്താണ് ഇവ സ്ഥിതി ചെയ്യുന്നത്.

ഒരു സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ വരെ വിസ്തൃതിയിയുള്ള ചെറുവനങ്ങള്‍ ജില്ലയിലുണ്ട്. അഞ്ച് ഏക്കറില്‍ മുഴക്കുന്ന് പഞ്ചായത്ത് അയ്യപ്പന്‍ കാവില്‍ ഒരുക്കിയതാണ് ഇവയില്‍ ഏറ്റവും വലുത്. കൂടാളി ഗ്രാമപഞ്ചായത്തിലാണ് കൂടുതല്‍ തുരുത്തുകള്‍ നിര്‍മിച്ചത്-13 എണ്ണം. കുറുമാത്തൂരില്‍ പത്തെണ്ണവും ഉദയഗിരി, പടിയൂര്‍, മയ്യില്‍ പഞ്ചായത്തുകളില്‍ നാല് എണ്ണം വീതവും ഒരുക്കി. കണ്ണപുരം, ചെങ്ങളായി, പരിയാരം, വേങ്ങാട്, പെരളശ്ശേരി എന്നിവിടങ്ങളില്‍ മൂന്ന് വീതം, അഴീക്കോട്, കടന്നപ്പള്ളി, കാങ്കോല്‍- ആലപ്പടമ്ബ്, കുറ്റിയാട്ടൂര്‍, ചെറുതാഴം, ധര്‍മടം, പട്ടുവം, പെരിങ്ങോം, പായം, കണിച്ചാര്‍ ഗ്രാമപഞ്ചായത്തുകളിലും തലശ്ശേരി, മട്ടന്നൂര്‍ നഗരസഭകളിലും രണ്ട് വീതം, അഞ്ചരക്കണ്ടി, എരഞ്ഞോളി, കേളകം, കോളയാട്, ചപ്പാരപ്പടവ്, ചിറക്കല്‍, ചെമ്ബിലോട്, ചെറുകുന്ന്, തളിപ്പറമ്ബ്, തൃപ്രങ്ങോട്ടൂര്‍, പന്ന്യന്നൂര്‍, പയ്യാവൂര്‍, പാപ്പിനിശ്ശേരി, പിണറായി, മലപ്പട്ടം, മാങ്ങാട്ടിടം, മുണ്ടേരി, മുഴക്കുന്ന്, മുഴപ്പിലങ്ങാട് എന്നീ പഞ്ചായത്തുകളിലും കൂത്തുപറമ്ബ്, ആന്തൂര്‍, ശ്രീകണ്ഠാപുരം നഗരസഭകളിലും ഓരോന്നുമാണ് സജ്ജമാക്കിയത്.

Post a Comment

Previous Post Next Post