കണ്ണൂര്‍: പ്ലാസ്റ്റിക്കിനെ തുരത്താന്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി കണ്ണൂര്‍. ജില്ലയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വില്‍പനയും തടയാനായി വ്യാപക പരിശോധനയും പിഴയീടാക്കലും തുടങ്ങി.
കടകളിലും സ്ഥാപനങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ 10,000 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 50,000 രൂപ വരെയുമാണ് പിഴ. ഇതിനായി വ്യാപാരികളെ അടക്കം ഉള്‍പ്പെടുത്തി ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ആഴ്ചതോറും നടപടികള്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നുണ്ട്. നേരത്തെ തന്നെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിയന്ത്രണമുണ്ടെങ്കിലും ഇപ്പോഴാണ് നടപടി ശക്തമാക്കിയത്.
വിവിധ പഞ്ചായത്തുകള്‍ പ്ലാസ്റ്റിക് നിയന്ത്രണവും നടപടികളും സംബന്ധിച്ച അറിയിപ്പ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയിട്ടുണ്ട്. നേരത്തെ കോവിഡ് സാഹചര്യത്തില്‍ വ്യാപാരികള്‍ക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി കൂടുതല്‍ സമയം അനുവദിച്ചിരുന്നു. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാലാണ് നടപടിയെടുക്കുന്നത് നീണ്ടുപോയത്.

Post a Comment