ചെറുപുഴ : കാറ്റിൽ വിറങ്ങലിച്ച് ചെറുപുഴ പഞ്ചായത്തിൽ കോലുവള്ളി, വയലായി, ചുണ്ട, ചുണ്ട, തട്ടുമ്മൽ, കൊല്ലാട പ്രദേശങ്ങൾ.വയലായി - പാലച്ചുവട്ടിലെ മുല്ലക്കരി സാജുന്റെ കോഴിഫാമിനും തൊഴുത്തിനും മുകളിൽ തെങ്ങും കവുങ്ങും കടപുഴകി വീണ് കോഴികൾ ചത്തു. 1000 കോഴികളുണ്ടായിരുന്നു. വാഴക്കുണ്ടം-ചരപ്പടവ്-ഉദയംകാണാക്കുണ്ട് റോഡിൽ രണ്ട് വലിയ മരം വീണ് ഗതാഗതം മുടങ്ങി. വൈദ്യുതത്തൂണുകളും പൊട്ടിവീണു. ചെറുപുഴ-പുളിങ്ങോം റോഡിലും മരം വീണ് ഗതാഗതം മുടങ്ങി.
വ്യാപക കൃഷിനാശവും ഉണ്ടായി. തെങ്ങ്, കമുക്, റബർ, പ്ലാവ്, തേക്ക്, വാഴ, കപ്പ തുടങ്ങിയ കൃഷികൾക്കാണ് വ്യാപക നാശമുണ്ടായത്. രാജു കൊച്ചുകാലായിൽ, വെളിമറ്റം സജി, ബേബി കുരുവിളാനിക്കൽ, എൻ.കെ. തമ്പാൻ, മൂലക്കൊവ്വൽ നാരായണിയമ്മ, മനോജ് വടക്കേൽ, കായാമ്മാക്കൽ മൈക്കിൾ, കോടികുളം ജോയി, എം.കെ. ബാലചന്ദ്രൻ, കുര്യനാനിക്കൽ ജേക്കബ്, നൂറാമ്മാക്കൽ ബേബി, പുള്ളോലിൽ കുര്യൻ, പെരുമ്പാറ ജോയി, മുണ്ടമറ്റം ജോസ്, സജി കല്ലുവെട്ടുകുഴി, തുടങ്ങിയവരുടെ കൃഷികളാണ് കാറ്റിൽ നശിച്ചത്. ഉൾപ്രദേശങ്ങളിൽ ഉണ്ടായ നാശത്തിന്റെ കണക്കുകൾ ലഭ്യമായിട്ടില്ല.

Post a Comment