കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മൂന്നിടങ്ങളിൽ കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ ഒരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇരിട്ടി, ഇരിക്കൂർ, ചെറുപുഴ എന്നിവിടങ്ങളിലാണ് ഓപ്പറേറ്റിംഗ്സെന്ററുകൾ ആരംഭിക്കുക. ഇവിടെനിന്നു യാത്രക്കാർക്ക് ടിക്കറ്റ് റിസർവേഷനും പണമടയ്ക്കലും നടത്താനാകുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ യാർഡിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വടക്കൻ മേഖലകളിൽ കെഎസ്ആർടിസി സർവീസുകൾ കുറവാണെങ്കിലും മലയോര മേഖലയിലെ ജനങ്ങൾ കൂടുതലും കെഎസ്ആർടിസിയെയാണ് ആശ്രയിക്കുന്നത്. പ്രതിസന്ധികളേറെയുണ്ടെങ്കിലും കെഎസ്ആർടിസിയെ നിലനിർത്താൻ സർക്കാർ പ്രഥമ പരിഗണന നൽകുന്നുണ്ട്. ഇതിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിവരികയാണ്.
ഉൾഗ്രാമങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്താനായി ആരംഭിക്കുന്ന 'ഗ്രാമവണ്ടി' പദ്ധതിയുടെ വിജയത്തിനായി തദ്ദേശസ്ഥാപനങ്ങൾ കെഎസ്ആർടിസിയുമായി കൈകോർക്കണം. ഗ്രാമങ്ങളിൽ നടത്തുന്ന സർവീസിന്റെ ഇന്ധനച്ചെലവ് മാത്രം തദ്ദേശസ്ഥാപനങ്ങൾ വഹിച്ചാൽ ഇതുവരെ ബസ് സർവീസ് ആരംഭിക്കാത്ത ഇടങ്ങളിൽ പോലും സർവീസ് ആരംഭിക്കാനാകും. ബസിന് ലഭിക്കുന്ന പരസ്യത്തിന്റെ പണമടക്കം തദ്ദേശസ്ഥാപനങ്ങൾക്കുതന്നെ നൽകും. ഗ്രാമവണ്ടിയുടെ ഫ്ളാഗ് ഓഫ് തിരുവനന്തപുരം പാറശാലയിൽ 30ന് നടക്കും. ഗ്രാമവണ്ടി പദ്ധതിയിൽ സർവീസ് നടത്തുന്ന ബസുകൾക്ക് പ്രത്യേക നിറമായിരിക്കും. -മന്ത്രി പറഞ്ഞു.
ചടങ്ങിൽ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കോർപറേഷൻ കൗൺസിലർ പി.കെ. അൻവർ, ടെക്നിക്കൽ വിഭാഗം ജനറൽ മാനേജർ പി. സന്തോഷ് കുമാർ, കണ്ണൂർ ഡിടിഒ പി. അനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
.jpeg)
Post a Comment